online
വിദ്യാർത്ഥികൾ പാറമുകളിലിരുന്ന് ഓൺലൈൻ പഠനത്തിൽ

തൊടുപുഴ: എല്ലാവരെയും പോലെ വീട്ടിലിരുന്ന് സുഖമായി ഓൺലൈനിൽ പഠിക്കാൻ കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറയിലെ ഒരുപറ്റം വിദ്യാർഥികൾക്ക് കഴിയില്ല. പഴയപോലെ കിലോമീറ്ററുകൾ നടന്ന് വനത്തിനുള്ളിലെ പാറമുകളിലെത്തണം റേഞ്ച് കിട്ടാൻ. കാട്ടുമൃഗങ്ങളും മറ്റുമുള്ള ഇവിടെയിരുന്നാണ് കുട്ടികളുടെ ഓൺലൈൻ പഠനം. കൈതപ്പാറ മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ച് ലഭ്യമാകുന്ന ഏക സ്ഥലമാണ് കുട്ടികൾ തന്നെ റേഞ്ച് പാറയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇവിടം. അവികസിത മേഖലയായ ഇവിടുത്തെ മുപ്പതോളം കുട്ടികൾക്ക് ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ കൃത്യമായി ലഭിച്ചു തുടങ്ങിയിട്ടില്ല. ഇതു മൂലം എൽ.കെ.ജി വിദ്യാർത്ഥിയായ അലോക് സിബി മുതൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ജസ്‌ന ജോയി വരെ മാതാപിതാക്കൾക്കൊപ്പം രാവിലെ തന്നെ കിലോമീറ്ററുകൾ നടന്ന് മൊബൈൽഫോണുമായി റേഞ്ച് പാറയിലെത്തും. ഉടുമ്പന്നൂരിൽ നിന്ന് 11 കിലോമീറ്റർ അകലെയായി വേളൂർ വനമേഖലയിലാണ് കൈതപ്പാറ പ്രദേശം. കരിമണ്ണൂർ, ഉടുമ്പന്നൂർ, കൊടുവേലി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലായാണ് മുപ്പതോളം കുട്ടികൾ പഠിക്കുന്നത്. യാത്രാക്ലേശം രൂക്ഷമായ മേഖലയിൽ മഴക്കാലത്തും മറ്റും ഏറെ ദുരിതം സഹിച്ചാണ് വിദ്യാർത്ഥികൾ സ്‌കൂളുകളിലെത്തുന്നത്. ഇപ്പോൾ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങിയപ്പോഴും ഇവർക്ക് പഠനം ലഭ്യമാകുമോയെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. ആകെയുള്ള കുട്ടികളിൽ അഞ്ച് വിദ്യാർഥികളുടെ വീട്ടിൽ നിലവിൽ ടിവിയില്ല. പല വീടുകളിലും സ്മാർട്ട് ഫോണുകളുമില്ല.

പള്ളിയിൽ വൈഫൈ ഒരുക്കി

കുട്ടികളുടെ വിഷമസ്ഥിതി കണക്കിലെടുത്ത് കൈതപ്പാറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിനോയി ചാത്തനാട്ട് പള്ളിയിൽ വൈഫൈ സംവിധാനം ഒരുക്കി. കൂടാതെ കുട്ടികൾക്കായി പള്ളിയിൽ പഠന മുറിയും ക്രമീകരിച്ചു. എന്നാൽ മഴ പെയ്താൽ പള്ളിമുറിയിലും റേഞ്ച് കിട്ടാത്ത അവസ്ഥയാകും. ഇതോടെയാണ് കുട്ടികൾ രക്ഷിതാക്കളുമായി വേളൂർ വനത്തിലെ പാറമുകളിലെത്തുന്നത്.

'ഓൺലൈൻ ക്ലാസ് അവസാനിക്കുന്നതു വരെ ഇവിടുത്തെ കുട്ടികൾക്ക് കൃത്യമായി ക്ലാസുകൾ എങ്ങനെ ലഭിക്കുമെന്ന ആശങ്കയുണ്ട്. പാഠ്യഭാഗങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതിനായി സ്‌കൂളിലെ അധ്യാപകരുടെ സേവനം ഏതാനും ദിവസം കുട്ടികൾക്കായി ലഭ്യമാക്കും. വരുംനാളുകളിൽ ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് കൃത്യമായി ലഭിക്കുന്നതിനുള്ള സൗകര്യം അധികൃതർ ഒരുക്കണം"

-ഫാ. ബിനോയി ചാത്തനാട്ട് (അദ്ധ്യാപകൻ)