കാഞ്ഞാർ: അമേരിക്കയിൽ താമസക്കാരിയായ സ്ത്രീയുടെ പേരു പറഞ്ഞ് അറക്കുളത്ത് നടന്ന സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. 18 പേരിൽ നിന്ന് 14 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കാഞ്ഞാർ പൊലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാഞ്ഞാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നുമേൽ സൗമ്യ (33) അറക്കുളം കൊച്ചാനിമൂട്ടിൽ സരസമ്മ (66) എന്നിവരെ തിങ്കളാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൂടുതൽ ആളുകൾ ഇവരുടെ കെണിയിൽ പെട്ടതായി സൂചനയുണ്ട്. 30 ലക്ഷം രൂപയിലേറെ അറക്കുളത്ത് നിന്ന് തട്ടിയതായാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്ത വിവരം പുറത്തായതോടെ പണം നഷ്ടപ്പെട്ടതായി ഏതാനും ആളുകൾ പൊലീസിൽ പരാതി നൽകി. എം.എം. ബേബി, മുണ്ടു നടക്കൽ, ഓമന മുണ്ടക്കൽ, സുജാത വാരനാട്ട്, കുഞ്ഞുമോൾ ഒഴുകയിൽ, വിജയമ്മ മണാങ്കൽ, ഏലിയാമ്മ അശാൻ കുന്നേൽ, ബെറ്റി വാരികട്ട്, പെണ്ണമ്മ മണ്ണുശേരിൽ, തുടങ്ങി 18 ൽ പ്പരം ആളുകളാണ് പൊലീസിൽ പരാതി നൽകിയത്. വരും ദിവസങ്ങളിൽ തട്ടിപ്പിനെ കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുള്ളതായി പൊലീസ് പറഞ്ഞു. തുടർന്ന് മറ്റ് ചില മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലുള്ളതായി സംശയമുള്ള മറ്റൊരു സ്ത്രീയായ എലിയാമ്മ വീട്ടിൽ ഉള്ളതായി അറിഞ്ഞ് പൊലീസ് ഇവരുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഏലിയാമ്മ ഉടൻ തന്നെ കുടുങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയ്ക്ക് നാണക്കേട് ഭയന്ന് ചിലർ പരാതി കൊടുക്കേണ്ടന്ന് തീരുമാനിച്ചതായി വിവരമുണ്ട്. പരാതിക്കാർ എല്ലാവരും അറക്കുളം ആലാനിക്കൽ കോളനി പ്രദേശത്തുള്ളവരാണ്.