തൊടുപുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച അഖിലേന്ത്യാ പ്രതിഷേധത്തിൽ ആയിരങ്ങൾ അണിനിരന്നു. ബ്രാഞ്ച്തലങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അഞ്ചു പ്രവർത്തകർ വീതം ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും പങ്കെടുത്തു.
തൊടുപുഴയിൽ 295 കേന്ദ്രങ്ങളിൽ സമരം നടന്നു. ബി.എസ്.എൻ.എൽ ആഫീസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രൻ എം.എൽ.എ മൂന്നാർ ടൗണിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.വി. വർഗീസ് ചെറുതോണിയിലും വി.വി. മത്തായി ഉടുമ്പന്നൂർ പോസ്റ്റ് ഓഫീസിനു മുന്നിലും ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ഏരിയാ സെക്രട്ടറി എൻ. സദാനന്ദൻ കരിമണ്ണൂർ പോസ്റ്റ്ആഫീസിന് മുന്നിലും ജില്ലാ കമ്മിറ്റിയംഗം കെ.ആർ. ഗോപാലൻ ചീനിക്കുഴിയിലും ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.എസ്. മോഹനൻ, കട്ടപ്പന ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിലും വി.എൻ. മോഹനൻ പൂപ്പാറയിലും പി.എസ്. രാജൻ ഉപ്പുതറയിലും ആർ. തിലകൻ പീരുമേട്ടിലും ഉദ്ഘാടനം നിർവഹിച്ചു. മൂലമറ്റം ടൗണിൽ ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു.