ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് ബസ് സ്റ്റാഡിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ശൗചാലയം കാടുകയറി നശിക്കുന്നു. ശൗചാലയം പ്രവർത്തനയോഗ്യമല്ലാത്തതിനാൽ ടൗണിലെത്തുന്ന യാത്രക്കാരും ദുരിതത്തിലായി. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ആറോളം ശൗചാലയങ്ങൾ ഉപയോഗശൂന്യമാണ്. സമ്പൂർണ്ണ ഒ.ഡി.എഫ് പഞ്ചായത്തായ കഞ്ഞിക്കുഴിയിൽ എത്തുന്ന ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്കായി വഴിയോരങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ ശൗചാലയങ്ങൾ ഉപയോഗശൂന്യമായതോടെ പകർച്ചവ്യാധികൾ പടരുന്നതെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ആഫീസിന് സമീപമുള്ള ടൗൺ ബസ് സ്റ്റാഡിലെ ശൗചാലയത്തിലേയ്ക്കുള്ള വഴി പോലും കാടുകയറി അടഞ്ഞതോടെ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സിൽ വ്യാപാരം നടത്തുന്ന സ്ത്രീകളടക്കമുള്ള വ്യാപാരികളും ദുരിതത്തിലായി. അടിയന്തരമായി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ശൗചാലയങ്ങൾ ഉപയോഗ യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.