 വൻവിലയ്ക്ക് സാധനങ്ങൾ വാങ്ങിയ വാഴത്തോപ്പ് പഞ്ചായത്തിനെതിരെ അന്വേഷണം

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ സാനിട്ടറൈസറും അനുബന്ധ സാധനങ്ങളും അമിത വില നൽകി വാങ്ങിയതിനെക്കുറിച്ച് ലീഗൽ മെട്രോളജി അന്വേഷണമാരംഭിച്ചു. 100 മില്ലി സാനിട്ടൈസറിന് 50 രൂപയിൽ കൂടുതൽ വിലയ്ക്ക് വിൽക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ മെഡിക്കൽ ഷോപ്പുകളിലും അമ്പത് രൂപയിൽ താഴെയാണ് വിൽപന നടത്തുന്നത്. എന്നാൽ വാഴത്തോപ്പ് പഞ്ചായത്ത് 100 മില്ലിയുടെ 300 കുപ്പി സാനിട്ടൈസർ വാങ്ങിയത് 146 രൂപയ്ക്കാണ്. ഗ്ലൗസിന് മാർക്കറ്റിൽ 60 രൂപയ്ക്ക് ലഭിക്കുമ്പോൾ 500 ഗ്ലൗസ് വാങ്ങിയത് 170 രൂപയ്ക്ക്. മാർക്കറ്റിൽ റീട്ടെയിൽ വിലയിൽ ഈ സാധനങ്ങൾ വാങ്ങിയാൽ 45,000 രൂപയ്ക്ക് ലഭിക്കും.എന്നാൽ പഞ്ചായത്ത് ഇത്രയും സാധനങ്ങൾക്ക് 1,48500 രൂപയ്ക്കാണ് വാങ്ങിയത്. ഇത് സംബന്ധിച്ച് ലീഗൽ മെട്രോളജിയ്ക്ക് പരാതി നൽകിയതിന തുടർന്ന് സാധനങ്ങൾ നൽകിയ കടയിൽ ഉദ്യോഗസ്ഥരെത്തി ഒരു കുപ്പി സാനിട്ടൈസർ പണം നൽകി വാങ്ങി. 100 മില്ലിയുടെ ഒരു കുപ്പിയ്ക്ക് 47 രൂപയാണ് ഈടാക്കിയത്. ഇതിന് ബില്ലും നൽകിയിട്ടുണ്ട്. ഒരു കുപ്പി സാനിട്ടൈസറിന് 100 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. പ്രാഥമികാന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്തിൽ സാനിട്ടൈസറും അനുബന്ധ സാധനങ്ങളും വാങ്ങിയതിലുള്ള അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തപക്ഷം പഞ്ചായത്ത് ആഫീസ് പടിക്കൽ ഉപരോധ സമരം ഏർപ്പെടുത്തുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് മീനത്തേരിൽ അറിയിച്ചു.