ഇടുക്കി : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇടുക്കിയിലേക്ക് ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ ജില്ലയിൽ ഏഴ് ദിവസം തങ്ങി എട്ടാം ദിവസം ജില്ല വിടണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദ്ദേശിച്ചു. ഈ വിഭാഗത്തിന് കുമളി ചെക് പോസ്റ്റിലൂടെ മാത്രമേ പ്രവേശനാനുമതി നൽകൂ. ജോലി, ബിസിനസ്, ചികിത്സ, കോടതി ആവശ്യങ്ങൾ എന്നിങ്ങനെയുള്ള അടിയന്തര കാര്യങ്ങൾക്കെത്തുന്നവർക്ക് കൂടി നിരീക്ഷണം ഇല്ലാതെ ഏഴു ദിവസം ജില്ലയിൽ തങ്ങാം. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥിയ്ക്ക് പരീക്ഷ ആരംഭിക്കുന്നതിന് മൂന്നു ദിവസം മുമ്പ് മുതൽ പരീക്ഷ അവാസാനിച്ചതിന്റെ മൂന്നാം ദിവസം വരെ ജില്ലയിൽ തുടരാം. കൊവിഡ് ജാഗ്രതാ പാസിലൂടെ ഇങ്ങനെ എത്തുന്നവർ പാസിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തു മാത്രം താമസിക്കേണ്ടതും മറ്റൊരിടത്തും പോകാൻ പാടില്ലാത്തതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.