കട്ടപ്പന: മേലേചിന്നാർ കൈപ്പൻപ്ലാക്കൽ ജിൻസ് സ്‌കറിയയുടെ പുരയിടത്തിലുണ്ടായ ഭീമൻ വാഴക്കുലയാണ് ഇപ്പോൾ നാട്ടിൽ ചർച്ചാ വിഷയം. 58 കിലോഗ്രാം തൂക്കവും നാലടി പൊക്കവുമുള്ള പാളയംകോടൻ വാഴക്കുലയാണ് താരം. കഴിഞ്ഞദിവസം മേലേചിന്നാറിലെ കാർഷിക വിപണിയിൽ വാഴക്കുല എത്തിച്ചപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഒരു കായ്ക്ക് കാൽ കിലോയോളം തൂക്കംവരും. കൃഷി ഉപജീവനമാക്കിയ ജിൻസിന്റെ പുരയിടത്തിൽ നാണ്യവിളകളടക്കമുള്ള കൃഷികളുണ്ട്. ഇതോടൊപ്പമാണ് വാഴയും കൃഷി ചെയ്തുവരുന്നത്. ഭീമൻ വാഴയ്ക്ക കാണാൻ നിരവധി പേർ എത്തിയതോടെ വിപണിയുടെ മുൻവശത്തായി ഒരുദിവസം പ്രദർശനത്തിനുവച്ചു.