തൊടുപുഴ: സഹപാഠികൾ ഓൺലൈൻ വഴി പുതിയ പാഠഭാഗങ്ങൾ പഠിക്കുമ്പോൾ അതിന് അവസരം ലഭിക്കാതിരുന്ന രണ്ട് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമെത്തിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് നാഷ്ണൽ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ടെലിവിഷൻ സെറ്റുകൾ ജില്ലാ കമ്മിറ്റി സ്‌കൂൾ പ്രധാനാദ്ധ്യാപികയ്ക്ക് കൈമാറി. ഓൺലൈൻ പഠനത്തിന് അവസരമില്ലാതിരുന്ന ട്രൈബൽ സെറ്റിൽമെന്റിലെ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് അതിനുള്ള അവസരം ഒരുക്കിയ സംഘാടകരെ സ്‌കൂൾ അധികൃതർ അനുമോദിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനുള്ള ഇത്തരം സാമൂഹ്യ ഇടപെടലുകൾ മാതൃകാപരമാണന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് അനു ടീച്ചർ പറഞ്ഞു. സ്‌കൂളിന് സമീപം ചേർന്ന ലളിതമായ ചടങ്ങിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി എം ബഷീർ , ജന.സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവരിൽ നിന്ന് പ്രധാനാദ്ധ്യാപികയും രക്ഷിതാക്കളും ചേർന്ന് ടെലിവിഷനുകൾ ഏറ്റുവാങ്ങി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.എം. അബ്ബാസ് മാസ്റ്റർ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഇൽയാസ്, ജന.സെക്രട്ടറി ടി.ആർ. റഷീദ്, കർഷക സംഘം ഭാരവാഹികളായ പി.പി. അസീസ്, പി.ഐ. അബ്ദുൽകലാം, വി.പി. മീരാൻ, നിസാർ പഴേരി, സുലൈമാൻ നെല്ലിക്കുന്ന്, റഫീഖ് ചിറക്കണ്ടം, മുജീബ് കെ എം, അൽതാഫ് പങ്കെടുത്തു. നാഷ്ണൽ എൽപി സ്‌കൂൾ അദ്ധ്യാപകരായ നസീമ ഇ എച്ച്, അരുൺ സി എം, ജൂലി ജെ ടോബി എന്നിവർ ആശംസകളർപ്പിച്ചു.