ചെറുതോണി: പ്രകാശ്- കരിക്കിൻമേട്- ഉപ്പുതോട് റോഡിന് മൂന്ന് കോടി കൂടി അനുവദിച്ച് ഭരണാനുമതിയും സാങ്കേതിക അനുമതിയുമായി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങി. കുടിയേറ്റ കാലത്തെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നാണിത്. അഡ്വ. ജോയ്‌സ് ജോർജ് എം.പിയായിരിക്കെ നബാർഡിൽ നിന്ന് ഈ റോഡിന് അഞ്ച് കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാൽ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ മൂന്ന് കോടി രൂപ കൂടി ആവശ്യമായി വന്നതിനെ തുടർന്നാണ് പുതുക്കിയ എസ്റ്റിമേറ്റുമായി മന്ത്രി ജ. സുധാകരനെ കണ്ടത്. കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ പരിശ്രമത്തെ തുടർന്നാണ് മൂന്ന് കോടി രൂപ അധികമായി അനുവദിപ്പിച്ച് ഭരണാനുമതി നേടിയെടുത്തത്. മന്ത്രി എം.എം. മണിയും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഉപ്പതോട് കരിക്കിൻമേട് പ്രകാശ് നിവാസികളായ കർഷകരുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കുന്നത്.