ഇടുക്കി : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പ്, മിൽമ എന്നിവയുടെ സഹകരണത്തോടെ ക്ഷീരസഹകരണ സംഘങ്ങൾ മുഖേന ജൂൺ,ജൂലായ് മാസങ്ങൾ കൊണ്ട് ജില്ലയിൽ 50,000 കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. നിലവിൽ ജില്ലയിൽ 3000 പേർക്ക് മാത്രമേ കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുള്ളൂ. ഇതിന്റെ ഭാഗമായി ,ജില്ലയിൽ ക്ഷീരവികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷീരസഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ ക്ഷീരസഹകരണ സംഘങ്ങൾക്കും ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിയിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനു നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളും,അനുബന്ധ രേഖകളും കർഷകർ ജൂൺ 23നകം അടുത്തുള്ള ക്ഷീരസംഘത്തിൽ നൽകണം. ബാങ്ക് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്ഷീരസംഘത്തിൽ എത്തി അപേക്ഷകൾ പരിശോധിച്ച്, അർഹരായ എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും.