തൊടുപുഴ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ചതായി കേസ്. തൊമ്മൻകുത്ത് ദർഭത്തൊട്ടി ഒഴുകയിൽ അനീഷിനാണ് (35) മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോടിക്കുളം സ്വദേശിയും ആട്ടോ ഡ്രൈവറുമായ ജിനേഷ്, വണ്ണപ്പുറം സ്വദേശികളും ലോറി ഡ്രൈവർമാരുമായ നിസാർ, കുട്ടൻ (അലുമിനിയം കുട്ടൻ), കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുത്തതായി കാളിയാർ എസ്‌.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. അനീഷ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂട്ടറിൽ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ ദർഭത്തൊട്ടി പച്ചില ഫാക്ടറിയ്ക്കു സമീപം കാറിലെത്തിയ സംഘം അനീഷിന്റെ വാഹനം കൈ കാണിച്ചു നിറുത്തി താക്കോൽ ഊരിയെടുത്തു. തുടർന്ന് കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു. അനീഷ് കാര്യം തിരക്കിയപ്പോൾ അനീഷിന്റെ ജേഷ്ഠൻമാർ ജിനേഷിന് നൽകാനുള്ള ഒന്നേകാൽ ലക്ഷം രൂപ അനീഷ് നൽകണമെന്നും അല്ലെങ്കിൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് രണ്ടര മണിക്കൂറോളം ക്രൂരമായി മർദിച്ചു. മർദനം നീണ്ടതോടെ ഒരു ലക്ഷം രൂപ നൽകാമെന്ന് അനീഷ് സമ്മതിച്ചു. തുടർന്ന് വാഹനത്തിൽ വണ്ണപ്പുറം ഗവ. ആശുപത്രി ഗ്രൗണ്ടിലെത്തിച്ചു. ഇവിടെ വച്ച് മുദ്രപത്രത്തിൽ ബലമായി ഒപ്പിട്ടു വാങ്ങി. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ നിന്നും ഇറക്കിവിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ അനീഷിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എസ്‌.ഐയുടെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിൽ എത്തി അനീഷിൽ നിന്ന് മൊഴിയെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി കാളിയാർ പൊലീസ് പറഞ്ഞു.