നെടുങ്കണ്ടം: കേരളാതിർത്തി കടക്കുന്നിടയിൽ കാട്ടാനയുടെ മുമ്പിൽപെട്ട തമിഴ്‌നാട് സ്വദേശികൾ അദ്ഭുതകരമായി രക്ഷപെട്ടു. ഉടുമ്പൻചോലയിൽ പാട്ടത്തിന് എടുത്ത ഏലത്തോട്ടത്തിൽ പണിഎടുക്കാനെത്തിയ തേനി വർഷനാട് സ്വദേശി രാസാങ്കം (65), മുനിയാണ്ടി (58) എന്നിവരാണ് തമിഴ്‌നാട് അധീനതിയിലുള്ള തേവാരംമെട്ട് കാട്ടിൽ ആനയുടെ മുന്നിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ മുനിയാണ്ടിയാണ് ആനയുടെ ആക്രമണം ഉണ്ടായ വിവരം നാട്ടുകാരെയും പൊലീസിനേയും അറിയിക്കുന്നത്. രാസാങ്കത്തിനെ ആന തുമ്പികൈകൊണ്ട് ചുഴറ്റി എറിഞ്ഞത് കണ്ടെതായി മുനിയാണ്ടി പറഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ തേവാരംമെട്ട് വനമേഖലയിലാണ് സംഭവം നടന്നത്. രാത്രിയിലെ തിരിച്ചൽ അപകടമായതിനാൽ തമിഴ്‌നാട് വനപ്രദേശത്ത പൊലീസും വനംവകുപ്പും രാത്രിയിൽ തിരച്ചിൽ നടത്തിയില്ല. തുടർന്ന് തേവാരംമെട്ടിന് സമീപം മാൻകുത്തി മേട്ടിലെ മന്നാക്കുടി ഊരിലെ ബാബു എന്നയാൾ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. അവശനിലയിൽ കാലിന് പരിക്കുകളോടെ രാസാങ്കത്തെ വനത്തിനുള്ളിൽ കണ്ടെത്തുകയും റോഡിലെത്തിക്കുകയായിരുന്നുവെന്ന് ഉടുമ്പൻചോല പൊലീസ് പറഞ്ഞു. തേവാരാംമെട്ടിൽ എത്തിച്ച രാസാങ്കത്തിന് അവിടെ പ്രാഥമിക ശുശ്രൂഷ നൽകി. ഇരുവരെയും കേരളത്തിൽ നിരീക്ഷണത്തിൽ വയ്ക്കണമെന്ന നിർദ്ദേശം നാട്ടുകാർ എതിർത്തതിനെ തുടർന്ന് തേവാരത്ത് നിന്ന് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഇരുവരെയും അയച്ചു.