ഇടുക്കി: മൂന്ന് ദിവസത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നായി 39 പ്രവാസികൾ കൂടി ഇടുക്കി ജില്ലയിലെത്തി. പത്ത് വയസിൽ താഴെയുള്ള മൂന്ന് കുട്ടികളുൾപ്പെടെ 25 പുരുഷന്മാരും 14 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകൾ വഴി നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരിൽ 34 പേരെ വീടുകളിലും രണ്ട് പേരെ കൊവിഡ് കെയർ സെന്ററുകളിലും മൂന്ന് പേരെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.

ഖത്തറിൽ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ദുബായിൽ നിന്നെത്തിയ ഒരു പുരുഷനേയും വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു. കുവൈറ്റിൽ നിന്ന് നാല് പുരുഷൻമാരും നാല് സ്ത്രീകളുമടക്കം എട്ട് പേർ നാട്ടിലെത്തി. ഇവരിൽ അഞ്ച് പേരെ വീടുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലും രണ്ട് പേരെ മണക്കാടും നെടുങ്കണ്ടത്തുമുള്ള പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. കോലാലംപൂരിൽ നിന്ന് ആറ് പുരുഷൻമാരും ഒരു വനിതയുമടക്കം ഏഴ് പേരാണെത്തിയത്. ഇവരെയെല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. റഷ്യയിൽ നിന്ന് മോസ്‌കോ ഡൽഹി കൊച്ചി വഴി രണ്ട് വനിതകൾ നാട്ടിലെത്തി. ഇരുവരെയും വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു. ഷാർജയിൽ നിന്നെത്തിയ മൂന്ന് പുരുഷൻമാരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. അബുദാബിയിൽ നിന്ന് 10 വയസിൽ താഴെയുള്ള മൂന്ന് കുട്ടികളുൾപ്പെടെ എട്ട് പുരുഷൻമാരും ആറ് സ്ത്രീകളുമടക്കം 14 പേരാണ് നാട്ടിലെത്തിയത്. ഇവരിൽ 13 പേരെ വീടുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിൽ താമസിപ്പിച്ചു. മാലിയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ട് വഴി രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമടക്കം മൂന്ന് പേരാണെത്തിയത്. ഇവരിൽ രണ്ട് പേരെ വീടുകളിലും ഒരാളെ വണ്ടിപ്പെരിയാറിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും നിരീക്ഷണത്തിലാക്കി.

നാല് തമിഴ്നാട് സ്വദേശികൾ

റൊമാനിയയിൽ നിന്ന് നാല് തമിഴ്‌നാട് സ്വദേശികൾ കൊച്ചി എയർപോർട്ടിലെത്തിയിരുന്നു. തുടർന്നിവരെ തൊടുപുഴയിലേക്ക് കെ.എസ്.ആർ.ടി.സി ബസിലും അവിടെ നിന്ന് ആംബുലൻസിൽ കുമളി ചെക് പോസ്റ്റിലുമെത്തിച്ച് തമിഴ്‌നാട് അധികൃതർക്ക് കൈമാറി.

വിവിധ താലൂക്കുകളിലേക്കെത്തിയവർ

 പീരുമേട്- 10

 തൊടുപുഴ- 5

 ഉടുമ്പൻചോല- 5

 ഇടുക്കി- 8,

 ദേവികുളം- 11