തൊടുപുഴ: ബി.ജെ.പി അംഗമായ നഗരസഭാ കൗൺസിലറെ പാർട്ടി ജില്ലാ സെക്രട്ടറി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. വിജയകുമാർ പലതവണ വധ ഭീഷണി മുഴക്കുകയും കഴിഞ്ഞ ദിവസം വീട്ടിൽ ഡീസലുമായെത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ആറാം വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇതു സംബന്ധിച്ച് മറ്റ് കൗൺസിലർമാർ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. തുടർന്ന് ഗോപാലകൃഷ്ണൻ സ്ഥാന നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. ഗോപാലകൃഷ്ണന്റെ വീടിനു സമീപത്തു തന്നെയാണ് വിജയകുമാറും താമസിക്കുന്നത്. വിജയകുമാറിന്റെ വീട്ടിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുക്കിയതിനെതിരെ അയൽവാസികൾ നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ഗോപാലകൃഷ്ണനും ഒപ്പിട്ടിരുന്നു. ഇതിന്റെ പേരിൽ വിജയകുമാർ കഴിഞ്ഞ 11ന് രാത്രി ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയും ഡീസൽ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. ഇതിനു പുറമെ പരാതി നൽകാൻ ബി.ജെ.പി ഓഫീസിൽ എത്തിയപ്പോഴും തന്റെ പച്ചക്കറി കടയിൽ എത്തിയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ഗോപാലകൃഷ്ണൻ പറയുന്നു. ജില്ലാ പ്രസിഡന്റിന് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. വിഷയത്തിൽ നാല് തവണ കെ.എസ്. അജിയുടെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും പരിഹാരമുണ്ടായില്ല. വിജയകുമാറിനെ പാർട്ടിയിൽ നിന്ന് തത്കാലത്തേക്ക് മാറ്റി നിറുത്തിയിരിക്കുകയാണെന്നാണ് കെ.എസ്. അജി കൗൺസിലർമാരെ അറിയിച്ചത്. സംഭവത്തിൽ പാർട്ടിയിലെ ഏഴ് കൗൺസിലർമാരും ഗോപാലകൃഷണന് പിന്തുണയുമായി രംഗത്തെത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച തൊടുപുഴ പൊലീസ് ഇന്ന് ഇരു കൂട്ടരോടും സി.ഐ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

' ഗോപാലകൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചില. ആരോപണം അടിസ്ഥാന രഹിതമാണ്.

വിജയകുമാർ (ബി.ജെ.പി ജില്ലാ സെക്രട്ടറി)

'വിജയകുമാറിനെതിരെ പാർട്ടി നടപടിയെടുത്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കും."

- കെ. ഗോപാലകൃഷ്ണൻ (കൗൺസിലർ)