മൂന്നാർ: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പിൽ വീണ്ടും വൻ മലയിടിച്ചിൽ. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മുൻപ് മലയിടിച്ചിലിനെത്തുടർന്ന് വാഹനങ്ങൾ ഉൾപ്പെടെ നശിച്ച ഭാഗത്തിനും മലയിൽക്കള്ളൻ ഗുഹയ്ക്കും മദ്ധ്യേയാണ് ഇന്നലെ രാത്രി മലയിടിച്ചിലുണ്ടായിരിക്കുന്നത്. കൂറ്റൻ പാറയും മണ്ണും മലയടിവാരത്ത് കിളവിപാറയിൽ താമസിക്കുന്ന പളനിവേലിന്റെ വീടിന് സമീപം വരെ എത്തിയതായാണ് പ്രാഥമിക വിവരം. ഇരുട്ടും മഴയും മൂലം ഈ കുടുംബത്തിന് വീട് വിട്ട് സുരക്ഷിത താവളത്തിലേക്ക് മാറുന്നതിന് സാധിച്ചിട്ടില്ല. പ്രദേശത്ത് നിന്ന് അഞ്ച് മിനിട്ടോളം ഭീകരമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇന്ന് രാവിലെയോടെ മാത്രമെ സംഭവത്തിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കാൻ കഴിയൂ. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒരാഴ്ചയായി നിരോധിച്ചിരിക്കുകയാണ്.