തൊടുപുഴ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ എസ്ബിഐ ശാഖകൾക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു. എസ്ബിഐയുടെ തെറ്റായ നടപടി തിരുത്താൻ കേന്ദ്രസർക്കാർ ഇടപെടുക, സംവരണ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥിരനിയമനം നൽകുക, താൽക്കാലിക നിയമനത്തിൽ സംവരണതത്വം പാലിക്കുക,ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം റദ്ദാക്കുക, സംവരണ വ്യവസ്ഥ ഉൾപ്പെടുത്തി പുനർവിജ്ഞാപനം പുറപ്പെടുവിക്കുക, വിജഞാപനം വരുന്നതുവരെ എല്ലാ നിയമനനടപടികളും നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തൊടുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. മാതാ ഷോപ്പിങ് ആർക്കേഡിലെ എസ്ബിഐ ക്ക് മുന്നിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം ബാബു ഉദ്ഘാടനം ചെയ്തു. പികെഎസ് ഏരിയാ സെക്രട്ടറി ടി കെ സന്തോഷ് സംസാരിച്ചു. മങ്ങാട്ടുകവലയിൽ ഏരിയാ പ്രസിഡന്റ് പി എം നാരായണനും അമ്പലം ബൈപാസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി സുരേന്ദ്രനും വെങ്ങല്ലൂരിൽ ഏരിയാ ട്രഷറർ ടി കെ സുകുവും കരിങ്കുന്നത്ത് ജോയിന്റ് സെക്രട്ടറി കെ കെ സന്തോഷും ഉദ്ഘാടനം ചെയ്തു.