ഇടുക്കി : ലോക്ഡൗണിൽ പ്രതിസന്ധിയിലായ പട്ടുനൂൽപ്പുഴു വളർത്തൽ കർഷകർക്ക്സഹായവുമായി ഗ്രാമവികസന വകുപ്പ്. സെൻട്രൽ സിൽക്ക് ബോർഡിന്റെ സഹായത്തോടെ കർണ്ണാടകയിലുള്ള ഡീലർമാരെ വരുത്തി കർഷകർക്ക് വിപണനം നടത്തുന്നതിനുള്ള സൗകര്യം നടപ്പിലാക്കി. ജില്ലയിൽ പ്രധാനമായും മറയൂർ, കാന്തല്ലൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലായി 120 ഏക്കറിൽ കൃഷിയുണ്ട്. എല്ലാ മാസവും രണ്ട് ബാച്ചുകളിലായി കർഷകർ കൊക്കൂൺ വിപണനം നടത്തുന്നു. നടപ്പ് സാമ്പത്തിക വർഷം ജനറൽ കാറ്റഗറി കർഷകർക്കും സാമ്പത്തിക സഹായങ്ങൾ നൽകി 50 ഏക്കറിലും കൂടി കൃഷി വർദ്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ അറിയിച്ചു. വിപണന സൗകര്യവും മറ്റ് സാങ്കേതിക സഹായങ്ങളും ഒരുക്കുന്നതിന് അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ ജെയ്‌സൺ ജോസഫ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ മെൽബി, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.