പണിക്കൻകുടി: മുള്ളരിക്കുടി സർക്കാർ എൽപി സ്‌കൂളിൽ ഓൺലൈൻ പഠനം ആരംഭിച്ചു. സ്‌കൂളിലെ പ്രതിഭാ കേന്ദ്രത്തിലാണ് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുള്ളത്. സമഗ്ര ശിക്ഷാ കേരളയും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഓൺലൈൻ പഠന കേന്ദ്രത്തിനുള്ള സൗകര്യം ഒരുക്കിയത്. തോട്ടം തൊഴിലാളിപിന്നാക്ക മേഖലയായ മുള്ളരിക്കുടിയിൽ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പഠന കേന്ദ്രം ആരംഭിച്ചത്. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അവരുടെ ഓൺലൈൻ ക്ലാസുകളുടെ സമയമനുസരിച്ച് പ്രതിഭാ കേന്ദ്രത്തിലെത്തിയാണ് പഠനം. പ്രദേശവാസികളായ 20 ഓളം വിദ്യാർത്ഥികൾ വിവിധ സമയങ്ങളിൽ പഠനകേന്ദ്രത്തിലെത്തുന്നുണ്ട്.ഓൺലൈൻ പഠനത്തിന്റെ അടുത്ത ഘട്ടത്തിൽ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി മാനസിക പിന്തുണ നൽകാനും സംശയ നിവാരണങ്ങൾക്കും ശ്രമിക്കുമെന്നും മുള്ളിരിക്കുടി സർക്കാർ എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിതാ കുമാരി പറഞ്ഞു. പിന്നാക്ക മേഖലയായ മുള്ളിരിക്കുടിയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം ജോസ് തന്റെ ഓണറേറിയം വിനിയോഗിച്ചാണ് സ്‌കൂളിന് ടെലിവിഷൻ നൽകിയത്.