കട്ടപ്പന: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കെ.വി.വി.ഇ.എസ്. നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 24 കെ.എസ്.ഇ.ബി. ഓഫീസുകളുടെ പടിക്കൽ പ്രതിഷേധിക്കും. ജില്ലാ നേതാക്കൾ ഉദ്ഘാടനം ചെയ്യും. കൂടാതെ ജില്ലയിലെ 20,000ൽപ്പരം വ്യാപാരികൾ അന്നേദിവസം വൈകിട്ട് 6.30 മുതൽ ഏഴുവരെ വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി വെളിച്ചത്തിൽ കച്ചവടം നടത്തി പ്രതിഷേധിക്കും. വൈദ്യുതി ഉപയോഗിക്കാത്ത കാലയളവിലെ വൈദ്യുതി ചാർജായി ഈടാക്കിയ തുക ഉപയോക്താവിന് തിരികെ നൽകുക, ഫിക്‌സഡ് ചാർജും സർച്ചാർജും ഒഴിവാക്കുക, ഓരോ മാസവും റീഡിംഗ് എടുത്ത് പ്രതിമാസ ഉപഭോഗം കണക്കാക്കി ബിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഉപഭോഗം കണക്കാക്കി, സ്ഥാപനങ്ങൾ അടഞ്ഞുകിടന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ ചാർജ് ഈടാക്കിയിരിക്കുകയാണ്. രണ്ടുമാസം കൂടുമ്പോൾ റീഡിംഗ് എടുത്ത് ബിൽ കണക്കാക്കുമ്പോൾ സ്ലാബ് വ്യത്യാസത്തിലൂടെ അമിത ചാർജ് നൽകേണ്ടിവരുന്നു. ഫിക്‌സഡ് ചാർജ് കുറയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം കണക്കിലെടുക്കാതെ ഉപയോക്താക്കൾക്ക് വൻതുകയുടെ ബില്ല് നൽകിയിരിക്കുകയാണെന്നും ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, ബ്ലോക്ക് പ്രസിഡന്റ് പി.കെ. മാണി എന്നിവർ പറഞ്ഞു.