തൊടുപുഴ: രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്നും രണ്ട് പേർ ചെന്നൈയിൽ നിന്നും ഒരാൾ ഹരിയാനയിൽ നിന്നും വന്നവരാണ്. രണ്ട് പേരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും നാല് പേരെ ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ ആർക്കും രോഗമുക്തിയില്ല. രോഗം ബാധിച്ച് ജില്ലയിൽ 35 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർ കോട്ടയത്തും മലപ്പുറത്തുമാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 69 പേർ രോഗ ബാധിതരായി. 34 പേർ രോഗമുക്തി നേടി.

രോഗികൾ ഇവർ

1) ജൂൺ അഞ്ചിന് ഭർത്താവിനൊപ്പം ചെന്നൈയിൽ നിന്നെത്തിയ 51കാരിയായ കരുണാപുരം പുഷ്പക്കണ്ടം സ്വദേശിനി. ടാക്‌സിയിൽ കുമളി ചെക്പോസ്റ്റിലെത്തിയ ഇവർ മകന്റെ കാറിലാണ് വീട്ടിലെത്തിയത്. 15ന് സ്രവപരിശോധന നടത്തി. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭർത്താവിന്റെയും മക്കളുടേയും പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

2) കുവൈറ്റിൽ നിന്ന് 13നാണ് വണ്ടൻമേട് കൊച്ചറ സ്വദേശിയായ 37കാരൻ നാട്ടിലെത്തിയത്. കൊച്ചിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയിൽ വന്നു. അവിടെ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. വീട്ടിലുണ്ടായിരുന്നവരുമായി യുവാവ് യാതൊരുവിധ സമ്പർക്കവും പുലർത്തിയിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

3) അടിമാലി ആനവിരട്ടി സ്വദേശിയായ 36കാരനും അഞ്ചിനാണ് ഖത്തറിൽ നിന്ന് വന്നത്. മൂലമറ്റത്തെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു മൂന്ന് ദിവസം താമസിച്ചിരുന്നത്. എട്ടിന് വീട്ടിലെത്തി. വീട്ടിലുള്ളവർ മറ്റൊരിടത്തേക്ക് മാറിയിരുന്നു. 16ന് സ്രവപരിശോധന നടത്തി.


4) ഉടുമ്പന്നൂർ സ്വദേശിയായ 56കാരൻ ചെന്നൈയിൽ നിന്ന് വിമാനമാർഗമാണ് നാട്ടിലെത്തിയത്. തുടർന്ന് മണക്കാടുള്ള സർക്കാർ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 16നാണ് സ്രവം ശേഖരിച്ചത്.


5) തൊടുപുഴ ചെപ്പുകുളം സ്വദേശിയായ 44കാരനും ഹരിയാനയിൽ നിന്ന് വിമാനമാർഗമാണ് എത്തിയത്. 15ന് രോഗലക്ഷണത്തെ തുടർന്ന് അന്ന് തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 16ന് സ്രവം പരിശോധനയ്‌ക്കെടുത്തു.

6) ജൂൺ 13ന് കുവൈറ്റിൽ നിന്നെത്തിയ വെള്ളയാംകുടി കട്ടപ്പന സ്വദേശി (32). കൊച്ചിയിൽ നിന്ന് ടാക്‌സിയിലെത്തിയ ശേഷം വണ്ടിപ്പെരിയാറിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് രണ്ട് ദിവസം മുമ്പ് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.