കട്ടപ്പന: കൊവിഡ് പോസിറ്റീവായ ചേറ്റുകുഴി സ്വദേശി യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശിയേയും ഹോം ക്വാറന്റിനിലാക്കി. 14നാണ് കുവൈറ്റിൽ നിന്നു ഇദ്ദേഹം കൊച്ചിയിലെത്തിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി. ബസിൽ തൊടുപുഴയിൽ എത്തി. ഇവിടെ നിന്നാണ് ടാക്‌സിയിൽ ചേറ്റുകുഴിയിലെ വീട്ടിലേക്കു പുറപ്പെട്ടത്. കുവൈറ്റിൽ തന്നെ ജോലി ചെയ്തിരുന്ന വണ്ടിപ്പെരിയാർ സ്വദേശിയും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും ഒരേ വിമാനത്തിലാണ് നാട്ടിലെത്തിയത്.
15ന് വൈകിട്ടോടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. 16ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തശേഷം തിരികെ വീട്ടിലെത്തിച്ചു. ഇന്നലെ പരിശോധനഫലം പോസിറ്റീവായതോടെ ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. അതേസമയം സാമൂഹിക അകലം പാലിച്ചാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നതെന്നും സമൂഹ വ്യാപന സാദ്ധ്യതയില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.