ചെറുതോണി: മരിയാപുരം പഞ്ചായത്തിൽ പല സ്ഥലത്തും വെട്ടുക്കിളിയുടെ ശല്യം രൂക്ഷമായി. കൃഷിയിടത്തിലിറങ്ങിയ വെട്ടുകിളികൾ വാഴ, കുരുമുളക് കൊടി തുടങ്ങിയ കൃഷികളുടെ ഇലകളും കൂമ്പുകളും തിന്ന് നശിപ്പിക്കുകയാണ്. ഇതുമൂലം കൃഷികൾ നശിക്കുന്ന അവസ്ഥയിലാണ്. മരിയാപുരം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊച്ചുകരിമ്പൻ ഭാഗത്ത് താമസിക്കുന്ന പാറേക്കുടിയിൽ അഭിലാഷിന്റെ കൃഷിയിടത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത്. കൃഷി ഓഫീസിൽ വിരമറിയിച്ചതിനെ തുടർന്ന് കൃഷി ഓഫീസർ യു.എൻ അനിൽകുമാറും വാർഡ്‌മെമ്പർ സോളി സന്തോഷും സ്ഥലം സന്ദർശിച്ച് ജില്ലാ കൃഷിഓഫീസർക്ക് റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി ഡയറക്ടർ ജോർജ് സെബാസറ്റിയന്റെ നിർദ്ദേശപ്രകാരം കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫസർ ഡോ.ഗവാസ് രാകേഷ് സ്ഥലം സന്ദർശിച്ചു. സ്‌പോട്ട് ലോക്‌സറ്റർ എന്ന വിഭാഗത്തിൽപ്പെട്ടവയാണിവയെന്ന് കണ്ടെത്തി. ഇവയെ പ്രതിരോധിക്കാനായി മരുന്നു തളിക്കാനുള്ള നിർദ്ദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം അഗ്രോ സർവ്വീസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങൾ ആരംഭിക്കുകയും ചെയ്തു. വെട്ടുക്കിളിയുടെയും നശിച്ച കൃഷിയുടെയും സാമ്പിൾ ശേഖരിച്ച് കാർഷിക സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയതായും കൃഷി ഓഫീസർ അറിയിച്ചു.