ചെറുതോണി: കർഷകരെ ദുരിതത്തിലാക്കി കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം. വാഴത്തോപ്പ് പഞ്ചായത്ത് സ്‌കൂളിന് പരിസരത്ത് നിരവധിയാളുകളുടെ കൃഷിയിടങ്ങളാണ് കാട്ടുപന്നികൾ കൂട്ടമായെത്തി ഉഴുത് നശിപ്പിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് സ്വയം പര്യാപ്തരാകാൻ സർക്കാർ ആഹ്വാന പ്രകാരം പച്ചക്കറി കൃഷി ചെയ്ത ചേറ്റാനിയിൽ ബാബുവിന്റെ അടുക്കള തോട്ടവും മറ്റുകൃഷികളുമാണ് കഴിഞ്ഞ രാത്രി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആദ്യമായ് ഫലം എടുത്ത പയറുതോട്ടവും കുത്തി നശിപ്പിച്ചു. ഇതോടൊപ്പം ബാബുവിന്റെ സഹോദരങ്ങൾ, അയൽവാസികൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. വാനില, കൊടി, കൊക്കോ, കപ്പ, ജാതി ഉൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടമുണ്ടായി . സമീപത്തെ കൃഷി ചെയ്യാതെ കിടക്കുന്ന പുരയിടത്തിൽ നിന്നാണ് കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങുന്നതെന്ന് ബാബു പറഞ്ഞു. ചേറ്റാനിയിൽ ബാബു, ജോർജ്, ജോസ്, പൈലോച്ചൻ, കടമ്പനാട്ട് ജോസ്, ചക്കാലയ്ക്കൽ തോമസ്, വാലിയിൽ സ്റ്റാൻലി, ആലീസ് ജോസ് എന്നിവരുടെ കൃഷികളാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചത്.