തൊടുപുഴ: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'സുഭിക്ഷ കേരളം പദ്ധതി' ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ജില്ലയിൽ 26 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 33 സ്ഥലങ്ങളിലായിട്ടാണ് പദ്ധതി ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. ന് പദ്ധതിക്ക് വേണ്ടി സഹകരണ വകുപ്പ് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി 48 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നതും. ഓരോ പ്രാഥമിക സഹകരണ സ്ഥാപനത്തിന് കീഴിലായി കുറഞ്ഞത് 50 സെന്റ് സ്ഥലത്തെങ്കിലും ഒരു 'മാതൃകാ കൃഷിത്തോട്ടം' സജ്ജീകരിച്ച് പരിപാലിക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശിക സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.വിത്ത്, വളം, ജൈവ വളങ്ങള്‍, കീടനാശിനികള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ കാര്‍ഷിക സേവന കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കും.. കൂടുതല്‍ ഉത്പ്പാദനം നടക്കുന്ന സ്ഥലത്ത് ഉൽപ്പന്നങ്ങൾ നശിച്ചുപോകാതിരിക്കാന്‍ ശീതീകരണ സംവിധാനവും ഒരുക്കണം. സാധ്യമായ എല്ലാ ഉത്പ്പന്നങ്ങളുടേയും മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും അവ വിപണനം നടത്തുന്നതിനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സഹകരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കര്‍ഷകര്‍ക്ക് വായ്പാ സഹായം ലഭ്യമാക്കുക, ഫാര്‍മേഴ്‌സ് ക്ലസ്റ്ററുകള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി വായ്പാ ലഭ്യത ഉറപ്പുവരുത്തുക, കാര്‍ഷിക ചന്തകള്‍ ആരംഭിക്കുക, കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ പരിശീലനങ്ങള്‍ സംഘടിപ്പിക്കുക എന്നിവ സഹകരണ സംഘങ്ങൾ ഇതോടനുബന്ധിച്ച് നടപ്പിലാക്കും.