kolumban

ഇടുക്കി: കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആർച്ച് ഡാം നിർമ്മിക്കാൻ സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവൻ ചെമ്പൻ കൊലുമ്പന്റെ സമാധി സ്മാരകത്തിന്റെ നവീകരണം പൂർത്തിയായി. ഉദ്ഘാടനം ജൂലായിൽ നടത്തും. സ്മാരകത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
2015 ൽ പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളപ്പാറയിൽ പ്രവർത്തനമാരംഭിച്ച പദ്ധതിയിൽ 70 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എംഎൽഎ ചെയർമാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റി ആണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സമാധി സ്ഥലത്ത് കൊലുമ്പന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നതിനും കൊത്തുപണികളോടെ കുടീരം നിർമ്മിക്കുന്നതിനും നിലവിലുള്ളവ പരമ്പരാഗത സ്വഭാവത്തോടെ നവീകരിക്കുന്നതിനുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറും. സ്മാരകത്തിനോട് ചേർന്ന് ഇടുക്കി ഡാമിന്റെ ചരിത്രം, ഇടുക്കിയുടെ പഴമ, നിർമ്മാണ സമയത്തെ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ബുക്‌ലെറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തുന്ന സ്റ്റാൾ കൂടി പ്രവർത്തിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

1976 ൽ ഇടുക്കി ജലവൈദുത പദ്ധതി കമ്മീഷൻ ചെയ്തതിനോടനുബന്ധിച്ച ഡാമിനോട് ചേർന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിർമ്മിച്ച ശില്പി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശില്പി. യോഗത്തിൽ റോഷി അഗസ്റ്റ്യൻ എം. എൽ. എ അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, എഡിഎം ആന്റണി സ്‌കറിയ, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഇ ദിനേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ശേഷം എംഎൽഎയുടെ നേതൃത്വത്തിൽ സമാധി സ്മാരകത്തിൽ ചെന്ന് നിർമാണ പുരോഗതികൾ വിലയിരുത്തി.