പീരുമേട്: ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പീരുമേട് എസ്എംഎസ് ക്ലബ്ബ് ആൻഡ് ലൈബ്രറി ഹാളിൽ ഇ എസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ തിലകൻ അദ്ധ്യക്ഷത വഹിച്ചു. പിഎൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് നിഷാദ് വി ചന്ദ്രൻ, സെക്രട്ടറി പി എൻ മോഹനൻ, ജോയിന്റ് സെക്രട്ടറി കെ ബി അഭിലാഷ്, എസ്എംഎസ് ക്ലബ്ബ് സെക്രട്ടറി വി എസ് പ്രസന്നൻ തുടങ്ങിയവർ സംബന്ധിച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽജൂലായ് 5ന് പീരുമേട്ടിൽ സാഹിത്യ ക്വിസ് മത്സരം നടത്തും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. എൽപി, യുപി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും. ഹയർസെക്കണ്ടറി വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും ഒരു വിഭാഗമായി മത്സരിക്കണം. ഓരോ വിഭാഗത്തിലും താലൂക്ക് തലത്തിൽ ഒന്നാമതെത്തുന്ന ആൾക്ക് 1001 രൂപയും രണ്ടാമതെത്തുന്നയാൾക്ക് 751 രൂപയും സമ്മാനമായി ലഭിക്കും. വായനാപക്ഷാചരണത്തിന്റെ സമാപന പരിപാടികൾ ജൂലായ് 7ന് കുമളി പളിയക്കുടി അക്ഷരജ്യോതി ട്രൈബൽ ലൈബ്രറിയിൽ നടത്തും. അന്നേ ദിവസം അക്ഷരജ്യോതി ട്രൈബൽ ലൈബ്രറിയുടെ സുഭിക്ഷകേരളം പദ്ധതിക്കും തുടക്കമാകും.