തൊടുപുഴ: മൂലമറ്റം ഈരാറ്റുപേട്ട പാലാ ഭാഗത്ത് നിന്നും മുട്ടം വഴി തൊടുപുഴയ്‌ക്കെത്തുന്ന യാത്രക്കാരെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇറക്കി വിടുന്നതായി പരാതി. കോതായിക്കുന്ന് ബൈപാസിലൂടെ സ്റ്റാൻഡിലെത്തുന്ന ബസുകൾ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയതിനു ശേഷം ടൗണിലേക്ക് പോകേണ്ടവരെ ഇറക്കിവിടുവാനായി ഗാന്ധിസ്ക്വയർ വഴി വീണ്ടും സ്റ്റാൻഡിലേക്ക് എത്തണമെന്നാണ് തൊടുപുഴ നഗരസഭ ഗതാഗത ഉപദേശക സമിതി തീരുമാനം. എന്നാൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വീണ്ടും മറ്റ് ബസിൽ കയറി മിനിമം കൂലി നൽകി ടൗണിലേക്ക് എത്തേണ്ട ഗതികേടിലാണ്. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ഇത് അധിക ചെലവാണ്. നേരത്തെ രാവിലെ 10 മണി വരെ ബസുകൾ ഗാന്ധിസ്ക്വയർ ഭാഗത്തേക്ക് യാത്രക്കാരെ കൊണ്ടുവിടുമായിരുന്നു.എന്നാൽ കൊറോണക്കാലത്ത് ഇതും നിലച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാരാണ് കൂടുതലും ബസിനെ ആശ്രയിക്കുന്നത്. ബസിൽ യാത്രക്കാർ കുറവായതിനാൽ സ്റ്റാൻഡിൽ വന്നതിനു ശേഷം വീണ്ടും ടൗൺ കറങ്ങുന്നത് അധിക ഇന്ധന ചെലവ് വരുമെന്നും ഇത് പ്രായോഗികമല്ലായെന്നുമാണ് ബസുടമകൾ പറയുന്നത്. പൊതുവെ തിരക്ക് കുറവുള്ള കൊറോണക്കാലത്ത് എങ്കിലും മോർ ജങ്ഷനിൽ നിന്നും ബസുകൾ നേരെ ഗാന്ധിസ്ക്വയറിൽ എത്തുവാൻ അനുവാദം കൊടുത്താൽ ഇതിന് പരിഹാരമാകും. എന്നാൽ ഇതിന് തുനിയാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതേ തുടർന്ന് മുട്ടം വഴി തൊടുപുഴയിലെത്തുന്ന യാത്രക്കാർക്ക് അധിക ചെലവാണ് ഉണ്ടാകുന്നത്.