മുട്ടം: നിരന്തരമായിട്ടുണ്ടാവുന്ന മുട്ടം ടൗണിലെ അതി രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലീസ് ഇടപെടുന്നു. ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി ചില വ്യക്തികളും സംഘടനകളും മുട്ടം സി ഐ വി ശിവകുമാറിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ അടിയന്തിര ഇടപെടൽ. ആദ്യഘട്ടത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ യോഗം ഇന്ന് രാവിലെ 11 ന് മുട്ടം സ്റ്റേഷനിൽ ചേരും. തൊടുപുഴ, മൂലമറ്റം, പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്ന റോഡായതിനാൽ മുട്ടം ടൗണിൽ നിത്യവും അതിരൂക്ഷമായ ഗതാഗതകുരുക്കാണ്. ശബരിമല മണ്ഡല കാലം ആരംഭിച്ചാൽ എറണാകുളം, തൃശൂർ, മേഖലകളിൽ നിന്നുള്ളതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമായ അയ്യപ്പ ഭക്തരും പ്രധാനമായും ആശ്രയിക്കുന്നതും തൊടുപുഴ - മുട്ടം റോഡായതിനാൽ മുട്ടം ടൗണിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലുമാകും. ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമായി മുട്ടം -ഇടപ്പള്ളി, മുട്ടം - മാത്തപ്പാറ, മുട്ടം -ബസ്റ്റാന്റ് ബൈപാസുകൾ വിഭാവനം ചെയ്തെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.