തൊടുപുഴ: കിലോയ്ക്ക് 4200 രൂപയുണ്ടായിരുന്ന ഏലയ്ക്ക വില 1300 രൂപയിലേക്ക് താഴ്ന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും ഗവർണറും ഏലയ്ക്കാ കർഷകരുടെ രക്ഷയ്ക്ക് അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഏജൻസികളെ വച്ച് ഏലയ്ക്കാ സംഭരണം നടത്താൻ തയ്യാറാകാത്തത് അന്യായമാണ്. കൊവിഡ് പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും അവരുടെ നാടുകളിലേക്ക് മടങ്ങിയതിനാലും തമിഴ്‌നാട്ടിൽ നിന്ന് ദിവസേന തൊഴിലാളികൾ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകർ വലിയ ബുദ്ധിമുട്ടിലാവും. കൂടാതെ ജില്ലയിൽ പൊലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതായി കല്ലാർ പറഞ്ഞു. വൈദ്യുതി ബില്ല് വർദ്ധനവിൽ പ്രതിഷേധിച്ച് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോൺഗ്രസ് ജില്ലയിൽ പ്രതിഷേധ നമരം നടത്തിയത്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കള്ളക്കേസ് എടുക്കുകയാണ്. അതേ സമയം കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധങ്ങളെ കണ്ടില്ലെന്നും നടിക്കുന്നു. ജില്ലയിൽ നിയമവാഴ്ച തകർന്നു. പാർട്ടി ആഫീസിൽ നിന്നുള്ള തിട്ടൂരമനുസരിച്ചാണ് ജില്ലയിലെ പൊലീസ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.