തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ 22 മുതൽ ജൂലായ് ആറുവരെ തൊടുപുഴ, എറണാകുളം, മാങ്കുളം എന്നിവിടങ്ങളിലായി തിരുവാതിര ഞാറ്റുവേല മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എയും എറണാകുളത്ത് കോർപ്പറേഷൻ കൗൺസിലർ എം.പി. മുരളീധരനും മാങ്കുളത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യുവും മഹോത്സവം ഉദ്ഘാടനം ചെയ്യും. വിത്തുകളും തൈകളും ഉത്പാദന ഉപാദികളും കർഷകരിലേയ്‌ക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവാതിര ഞാറ്റുവേലയ്ക്ക് കൃഷി ചെയ്യാവുന്ന എല്ലാ ഇനങ്ങളും ഞാറ്റുവേല മഹോത്സവത്തിലുണ്ടാകും. ജൈവ കൃഷിയ്ക്ക് മുൻതൂക്കം നൽകുന്നതിനാൽ വളങ്ങളും ജൈവവളങ്ങളും സൂക്ഷ്മവളങ്ങളും മേളയുടെ ഭാഗമായി വിതരണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടി നടത്തുന്നതിനാൽ സമ്മേളനങ്ങളും സെമിനാറുകളും ഒഴിവാക്കി. എന്നാൽ വിവിധ കൃഷി രീതികളും പരിപാലനവും വിഷ്വൽ മീഡിയയുടെ സഹായത്തോടെ കർഷകർക്കായി അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ,​ വൈസ് പ്രസിഡന്റ് വി.പി. ജോർജ്,​ സെക്രട്ടറി കെ.വി. ജോസ്,​ ഡയറക്ടർമാരായ എം.ഡി. ഗോപിനാഥൻ നായർ,​ കെ.എം. മത്തച്ചൻ എന്നിവർ പങ്കെടുത്തു.