രണ്ട് പേർക്ക് കൂടി കൊവിഡ് മൂന്നു വാർഡുകളിൽ നിയന്ത്രണം വന്നേക്കും
കട്ടപ്പന: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾക്ക് രോഗം പിടിപെട്ടത് സമ്പർക്കം വഴി. കട്ടപ്പന മാർക്കറ്റിലെ പഴവർഗ മൊത്ത വിപണന കേന്ദ്രത്തിലെ ജീവനക്കാരനായ 37കാരൻ രോഗം ബാധിച്ചത് തമിഴ്‌നാട്ടിൽ നിന്നാണെന്നു നിഗമനം. തമിഴ്‌നാട്ടിൽ ഇയാൾ പോയിവരാറുള്ള കടയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ആഴ്ചയിൽ നിരവധി തവണ യുവാവ് തമിഴ്‌നാട്ടിൽ പോകാറുണ്ടായിരുന്നു. കഴിഞ്ഞ 13നാണ് അവസാനമായി പോയി മടങ്ങി എത്തിയത്. തുടർന്ന് പനിയും രോഗ ലക്ഷണങ്ങളും കണ്ടതോടെ സ്രവ പരിശോധന നടത്തിയശേഷം നെടുങ്കണ്ടത്തെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങളടക്കം 25 പേരെ കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടിക 50ന് മുകളിലെത്തുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഇയാളുടെ അടുത്തിടപഴകിയ ചുമട്ടു തൊഴിലാളികളെയടക്കം കണ്ടെത്താനുണ്ട്. പേഴുംകവലയിൽ യുവാവിന്റെ വീട് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരടക്കം നിരീക്ഷണത്തിലാക്കും. അതേസമയം രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവും കുടുംബസമേതം വാടകയ്ക്കു താമസിക്കുന്ന കല്ലുകുന്ന് വാർഡിന്റെ ഭാഗത്തും പുതുതായി വീടു നിർമിക്കുന്ന പേഴുംകവലയിലും ടൗൺ വാർഡിലെ മാർക്കറ്റിലും അശോക ജംഗ്ഷനിലും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
രണ്ടാമത് രോഗം സ്ഥിരീകരിച്ച എഴുകുംവയൽ സ്വദേശിയായ 17കാരനാണ്. ഡ ൽഹി നിസാമുദ്ദിൻ ഈസ്റ്റിൽ നിന്ന് കഴിഞ്ഞ 11ന് മംഗള ലക്ഷദീപ് സ്‌പെഷ്യൽ ട്രെയിനിലാണ് നാട്ടിലേക്കു പുറപ്പെട്ടത്. 13ന് എറണാകുളത്തുനിന്ന് ടാക്‌സി കാറിൽ എഴുകുംവയലിലെ വീട്ടിൽ നിരീക്ഷണത്തിലായി. ജലദോഷം ഉണ്ടായതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി മരുന്ന് നൽകിയിരുന്നു. എന്നാൽ രോഗം കുറയാതെ വന്നതോടെ 17ന് നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധന ഫലം ഇന്നലെ പോസിറ്റീവായതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 17കാരന്റെ മാതാപിതാക്കളുടെയും സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
പഴക്കട ഇന്നലെയും തുറന്നു
കൊവിഡ് ബാധിതനായ കട്ടപ്പന സ്വദേശി ജോലി ചെയ്യുന്ന മാർക്കറ്റിലെ പഴവർഗ വിൽപ്പനകേന്ദ്രം ഇന്നലെ മുഴുവൻ തുറന്നു പ്രവർത്തിച്ചു. ഇയാളുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇന്നലെ രാവിലെ ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ കളക്ടറുടെ അനുമതിയില്ലാത്തതിനാൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടപ്പിച്ചില്ല. രോഗബാധിതനായ യുവാവ് പഴവർഗ മൊത്ത വിപണന കേന്ദ്രത്തിലെ വാഹന ഡ്രൈവറാണ്. മൊത്ത വിപണന കേന്ദ്രത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നതും ഇയാളാണ്. കൂടാതെ നഗരത്തിലെ ചില കടകളിൽ പഴവർഗങ്ങൾ വിതരണം ചെയ്തിരുന്നതായും പറയുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ബുധനാഴ്ച സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം യുവാവിനെ നെടുങ്കണ്ടത്തെ നിരീക്ഷണത്തിൽ സെന്ററിലേക്കു മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് പരിശോധന ഫലം വന്നത്. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിലെയും നഗരസഭയിലെയും ആരോഗ്യ പ്രവർത്തകർക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ രോഗബാധിതൻ ജോലി ചെയ്യുന്ന സ്ഥാപനം പതിവുപോലെ തുറന്നു പ്രവർത്തിച്ചു.