തൊടുപുഴ: നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 24ന് നടക്കും. കോൺഗ്രസ് അംഗമായ എം.കെ. ഷാഹുൽഹമീദ് യു.ഡി.എഫ് ധാരണ പ്രകാരം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുൻ ധാരണ പ്രകാരം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് ഇനി വൈസ് ചെയർമാൻ സ്ഥാനം നീക്കി വച്ചിരിക്കുന്നത്. കൗൺസിലർ ലൂസി ജോസഫ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത. അട്ടിമറികൾ ഒന്നുമുണ്ടായില്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടും. 35 അംഗങ്ങളുള്ള കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- 8 എന്നിങ്ങനെയാണ് കക്ഷി നില. ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷമുള്ള നാലാമത്തെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പാണ് ഇത്.