മാർക്കറ്റ് അടക്കം പൂട്ടി
കട്ടപ്പന: പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണായതോടെ തിരക്കൊഴിഞ്ഞ് കട്ടപ്പന നഗരം. രണ്ടു മാർക്കറ്റുകൾ ഉൾപ്പെടെ പൂട്ടിയതോടെ വാഹനത്തിരക്ക് കുറവായിരുന്നു. പഴയവർഗ മൊത്ത വിപണന കേന്ദ്രത്തിലെ ഡ്രൈവർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്നലെമുതൽ നഗരസഭയിലെ എട്ടാം വാർഡിൽ പൂർണമായും ഒമ്പത്, 17 വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ മാർക്കറ്റുകളിലേക്കുള്ള മുഴുവൻ പാതകളും പൊലീസ് കയർകെട്ടി അടച്ചു. പൂർണ നിയന്ത്രണമുള്ള കല്ലുകുന്ന് വാർഡിലേക്കുള്ള പാതകളും പൂട്ടി. അവശ്യ സർവീസുകൾക്ക് പൊലീസ് അനുമതിയോടെ കടന്നുപോകാം. രാവിലെ മാർക്കറ്റ് പൂട്ടുന്നതിനുമുമ്പ് അവശ്യ സാധനങ്ങൾ മാറ്റാൻ വ്യാപാരികൾക്ക് പൊലീസ് സമയം അനുവദിച്ചിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ സമീപത്തെ വ്യാപാരികളും ജീവനക്കാരും പതിവായി എത്തിയിരുന്നവരുമടക്കം ആശങ്കയിലാണ്. രോഗബാധിതൻ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ എത്തിയിരുന്നു. ഇവിടങ്ങളിലെ ജീവനക്കാരടക്കം ഭീതിയിലാണ്. ഇന്നലെ കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകളിലടക്കം യാത്രക്കാർ വളരെ കുറവായിരുന്നു.
നിർദേശം അവഗണിച്ചത് വിനയായി
കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർ ആരോഗ്യ പ്രവർത്തകരുടെയും നഗരസഭയുടെയും നിർദേശങ്ങൾ അവഗണിച്ചതായി ആക്ഷേപം. അടിക്കടി തമിഴ്‌നാട്ടിൽ പോയി വന്നിരുന്ന ഇയാളോട് നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ പോകണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം നിർദേശിച്ചിരുന്നു. എന്നാൽ ഇതു അവഗണിച്ച് തമിഴ്‌നാട്ടിൽ പോയി വന്നശേഷം നഗരത്തിൽ കറങ്ങിനടക്കുകയും നിരവധിയാളുകളുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. 13നാണ് ഇയാൾ അവസാനമായി തമിഴ്‌നാട്ടിൽ പോയിവന്നത്. തുടർന്ന് രോഗലക്ഷണങ്ങളെ തുടർന്ന് സ്രവം പരിശോധനയ്ക്ക് എടുത്തശേഷം നെടുങ്കണ്ടത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ സമ്പർക്ക പട്ടികയിൽ ജോലി ചെയ്യുന്ന സ്ഥാപന ഉടമ, ജീവനക്കാർ, മാർക്കറ്റിലെ മറ്റു കടകളിലുള്ളവർ, ചുമട്ടു തൊഴിലാളികൾ, കുടുംബാംഗങ്ങൾ, പേഴുംകവലയിലെ വീടു നിർമാണത്തിൽ ഏർപ്പെട്ടവർ എന്നിവരടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് എടുത്തു.