കട്ടപ്പന: വില കുത്തനെ ഇടിയുന്നതിനാൽ ഏലക്കയ്ക്ക് തറവില നിശ്ചയിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ വിലയേക്കാൾ 2000 രൂപയുടെ കുറവാണിപ്പോഴുള്ലത്. നിലവിൽ കിലോഗ്രാമിന് 1000 രൂപയ്ക്കാണ് വ്യാപാരികൾ ഏലയ്ക്ക വാങ്ങുന്നത്. കഴിഞ്ഞവർഷം ഇതേസമയം 3000ന് മുകളിൽ വില ലഭിച്ചിരുന്നു. സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിലും വിലയിൽ കാര്യമായ വർദ്ധനയില്ല. അവസാനം നടന്ന രണ്ട് ലേലങ്ങളിൽ മാത്രമാണ് നേരിയ വില വർദ്ധന രേഖപ്പെടുത്തിയത്. ബോഡിനായ്ക്കന്നൂരിൽ നടന്ന ലേലത്തിൽ ശരാശരി വില 1335 രൂപയിൽ എത്തിയിരുന്നു. എന്നാൽ വൻതോതിൽ വില കുറഞ്ഞതിനാൽ 1000 രൂപയിൽ കൂടുതൽ കർഷകർക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് തറവില നിശ്ചയിക്കണമെന്നു ആവശ്യമുയരുന്നത്. ഓരോ മാസവും തേയിലയ്ക്ക് വില നിശ്ചയിക്കാൻ കളക്ടർ അദ്ധ്യക്ഷനായ വില നിർണയ കമ്മിറ്റി നിലവിലുണ്ട്. കൂടാതെ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളകിനും തറവില നിശ്ചയിച്ചിട്ടുണ്ട്. സമാനമായി ഏലക്കയ്ക്കും തറവില നിശ്ചയിക്കാൻ സ്‌പൈസസ് ബോർഡ് തയ്യാറാകണമെന്നാണ് ആവശ്യം. എന്നാൽ ഏലയ്ക്കായുടെ ഗ്രേഡ് അനുസരിച്ച് തറവില നിശ്ചയിക്കുകയെന്നത് വെല്ലുവിളിയാണ്.