കട്ടപ്പന: ആനകുത്തി അപ്പാപ്പൻപടി റോഡരികിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളി. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം ചാക്കിലാക്കി കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിക്ഷേപിക്കുകയായിരുന്നു. അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച ബില്ലുകളിൽ ചിലരുടെ ഫോൺ നമ്പരുകൾ ലഭിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, കട്ടപ്പനയിലെ ഒരു ആക്രിക്കടയിൽ സാധനങ്ങൾ വിറ്റിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകി. മേഖലയിൽ വഴിവിളക്കില്ലാത്തതും റോഡിനിരുവശവും കാടുവളർന്നു നിൽക്കുന്നതും സാമൂഹിക വിരുദ്ധർക്ക് സഹായകരമാകുന്നുണ്ട്. ആനകുത്തി മുതൽ അപ്പാപ്പൻ പടിവരെയുള്ള ഭാഗത്ത് പല സ്ഥലങ്ങളിലും മാലിന്യം തള്ളിയിട്ടുണ്ട്.