തൊടുപുഴ: യു.ഡി. എഫ് തീരുമാനം അനുസരിക്കാൻ ഘടക കക്ഷികൾക്ക് ബാധ്യതയുണ്ടെന്നും ജോസ് കെ മാണി നുണ ആവർത്തിച്ചാൽ സത്യമാവില്ലെന്നും കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.
തൊടുപുഴയിൽ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗത്തോടനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് എം.എൽ.എമാരടക്കം 14 പേർ ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്തു.
എല്ലാ കരാറുകളും ലംഘിക്കുന്ന രീതിയാണ് ജോസ് കെ. മാണി വിഭാഗത്തിന്റേത്. ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ ഇനി എന്തു ചെയ്യണമെന്നു യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും. പാലായിൽ ജയസാധ്യത ഉള്ള സ്ഥാനാർത്ഥിയെ നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. പാലായിൽ നടന്ന സമ്മേളനത്തിൽ കൂക്കിവിളി നടത്തുകയും ചിഹ്നം വേണ്ടെന്നു പറഞ്ഞതും അവർ തന്നെയാണ്. ചിഹ്നം വേണ്ടെന്നു സ്ഥാനാർത്ഥിയും പറഞ്ഞു. ഇങ്ങനെയൊരു നിലപാട് സ്വീകരിച്ച ശേഷം ചിഹ്നം തന്നില്ല എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ കെ.എം മാണി ഉണ്ടാക്കിയ കരാർ ആദ്യം അട്ടിമറിച്ചത് ജോസ് കെ. മാണിയാണെന്നും ജോസഫ് പറഞ്ഞു.