മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ നിരവധി തവണ മലയിടിച്ചിലിനെ തുടർന്ന് നിറുത്തിവച്ച ഗ്യാപ്പ് റോഡിലെ നിർമാണപ്രവർത്തനം ഇനി വിദഗ്ദ്ധ പഠനത്തിന് ശേഷം മാത്രം. ജൂൺ 30ന് കോഴിക്കോട് എൻ.ഐ.ടി സ്ഥലം സന്ദർശിച്ച് നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിർമാണം തുടരൂ. കൃഷി നാശം ഉൾപ്പെടെ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് അർഹമായ നഷ്ട പരിഹാരങ്ങൾ ലഭ്യമാക്കാനും കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പാതയുടെ നിർമ്മാണ പ്രവർത്തികൾ റോഡിൽ വീണ് കിടക്കുന്ന കല്ലും മണ്ണും അടിയന്തരമായി നീക്കം ചെയ്യുന്നതിന് ദേശീയ പാത വിഭാഗത്തിന് നിർദ്ദേശം നൽകി. അർഹരായ ആളുകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിന് ബന്ധപ്പെട്ട നിർമ്മാണ കമ്പനി അധികൃതരിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കും. പകരമായി ഉപയോഗിക്കുന്ന പാതകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിന് വനം, വന്യജീവി വകുപ്പ്, ജനപ്രതിനിധികൾ, തോട്ടം ഉടമകൾ എന്നിവരുടെ യോഗം വിളിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി എന്നിവർ പങ്കെടുത്തു
ബുധനാഴ്ച രാത്രിയുണ്ടായ വൻ മലയിടിച്ചിലിൽ അര കിലോമീറ്ററോളം റോഡ് തകർന്നിരുന്നു. മലഞ്ചെരിവിൽ 25 ഏക്കറിലധികം സ്ഥലത്ത് വൻ കൃഷിനാശവും സംഭവിച്ചു. അടിവാരത്ത് നിർമ്മിച്ചിരുന്ന രണ്ട് കെട്ടിടങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകളുണ്ടായി.
ഇടിഞ്ഞത് നിരവധി തവണ
കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി 381 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡിന്റെ വികസന പണികൾ നടന്നു വരുന്നതിനിടയിലാണ് തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം നിരവധി തവണ വലുതും ചെറുതുമായ മലയിടിച്ചിലുണ്ടായിരുന്നു. ഒക്ടോബർ എട്ടിനും 11 നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11ന് ജോലികളിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും അടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നിരുന്നു.
കാരണം അശാസ്ത്രീയമായ പാറപൊട്ടിക്കൽ
പതിറ്റാണ്ടുകൾക്ക് മുമ്പ് സൂഷ്മതയോടെ നിർമ്മിച്ച മൂന്നാർ- കുമളി റോഡിന്റെ ഭാഗമാണിവിടം. അപകട സാദ്ധ്യത മുന്നിൽക്കണ്ട് പ്രകൃതിയെ കാര്യമായി മുറിവേൽപ്പിക്കാതെയുള്ള നിർമ്മാണമാണ് അന്ന് നടത്തിയത്. എന്നാൽ ദേശീയ പാതയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിയതിനെ തുടർന്ന് വീതി വർദ്ധിപ്പിക്കുന്നതിനായി വൻ തോതിൽ പാറ പൊട്ടിക്കാൻ ആരംഭിച്ചതോടെ ഭൂപ്രദേശത്തിന്റെ ഘടനയ്ക്ക് ഇളക്കം തട്ടിയതാണ് നിലവിലെ മണ്ണിടിച്ചിലിന് കാരണമെന്ന വിമർശനം ശക്തമാണ്.
കുറ്റമറ്റ പഠനത്തിനു ശേഷം മാത്രം നിർമാണം: എം.പി
'കുറ്റമറ്റ പഠനവും പഠന റിപ്പോർട്ടിൻമേൽ വിദഗ്ധ സമിതി വിശകലനവും നടത്തി മാത്രമേ ഇനി ഗ്യാപ്പ് റോഡിന്റെ പണികൾ പുനരാരംഭിക്കാവൂ. ജനങ്ങളിൽ ഉണ്ടായിരിക്കുന്ന ഭീതി അകറ്റാൻ നടപടി സ്വീകരിക്കണം. മലയും പാറക്കല്ലും ഇടിഞ്ഞുവീണ് കൃഷി നാശമുണ്ടായവർക്ക് ദുരന്ത സാഹചര്യത്തിൽ നൽകുന്നതുപോലെ നഷ്ടപരിഹാരവും പകരം ഭൂമിയും നൽകണം""
-ഡീൻ കുര്യാക്കോസ് എം.പി