തൊടുപുഴ : കാഡ്സിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ ജൂലായ് 6 വരെ തൊടുപുഴയിലും മാങ്കുളത്തും എറണാകുളത്തും തിരുവാതിര - ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കും. കേരളത്തിൽ കാർഷിക മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരുവാതിര ഞാറ്റുവേല. ഇത് കണക്കിലെടുത്ത് വിത്തുകളും തൈകളും ഉത്പാദന ഉപാധികളും കർഷകരിൽ എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് കാഡ്സ് തിരുവാതിര ഞാറ്റുവേല മഹോത്സവം മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്നത്. തൊടുപുഴയിൽ പി.ജെ ജോസഫ് എം.എൽ.എയും മാങ്കുളത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യുവും എറണാകുളത്ത് കോർപ്പറേഷൻ കൗൺസിലർ എം.പി മുരളീധരനും ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്യും. കുരുമുളകിന്റെ പ്രാദേശിക ഇനമായ കരിമുണ്ട,​കുതിരവാലി,​ ഹൈബ്രിഡ് ഇനമായ പന്നിയൂർ 1 തുടങ്ങിയവ വിതരണത്തിന് എത്തും. വിവിധയിനം തെങ്ങിൻ തൈകൾ,​ കമുകിൻ തൈകൾ,​ എല്ലാവിധത്തിലുമുള്ള ഫലവൃക്ഷങ്ങളും മഹോത്സവത്തിൽ ഉണ്ടാകും. ജൈവ കൃഷിക്ക് മുൻതൂക്കം നൽകിയുള്ള വളങ്ങളും ജൈവ കീടനാശിനികളും സൂഷ്മാണു വളങ്ങളും മേളയുടെ ഭാഗമായി വിതരണം ചെയ്യും. തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള കാഡ്സ് വിത്ത് ബാങ്കിലാണ് ഞാറ്റുവേല മഹോത്സവം. എറണാകുളത്ത് ആലിൻചുവട്ടിലും മാങ്കുളത്ത് കാ‌ഡ്സ് ഓഫീസിന് സമീപവുമാണ് മേളകൾ നടക്കുക. പത്രസമ്മേളനത്തിൽ ആന്റണി കണ്ടിരിക്കൽ (പ്രസിഡന്റ്,​ കാഡ്സ്)​,​ വി.പി ജോർജ്ജ് (വൈസ് പ്രസിഡന്റ്,​ കാഡ്സ്)​,​ കെ.വി ജോസ് (സെക്രട്ടറി,​ കാ‌ഡ്സ്)​,​ എം.ഡി ഗോപിനാഥൻ നായർ (ഡയറക്ടർ,​ കാഡ്സ്)​,​ കെ.എം മത്തച്ചൻ (ഡയറക്ടർ കാഡ്സ്)​ എന്നിവർ പങ്കെടുത്തു.