തൊടുപുഴ: വാക്കു തർക്കത്തിനിടെ കൊറിയർ സർവീസ് ഉടമ യുവാവിന്റെ ചെവി കടിച്ചു മുറിച്ചതായി പരാതി. ചെവിയുടെ ഒരു ഭാഗം അറ്റു പോയ പുതുപ്പരിയാരം ചാഴിപ്പാറയിൽ ബേസിലിനെ (30) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന അതുല്യ കൊറിയർ സർവീസ് ഉടമ വെങ്ങല്ലൂർ പാറയിൽ അനിൽ കുമാറിനെ (48) ചെവിയ്ക്ക് പരിക്കേറ്റ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കൊറിയർ സ്ഥാപനത്തിൽ നിന്നുള്ള ഉരുപ്പടികൾ നേരത്തെ ബേസിൽ ഓടിച്ചിരുന്ന വാഹനത്തിലാണ് വിതരണത്തിനെത്തിച്ചിരുന്നത്. അനിൽകുമാർ ഇന്നലെ കൊറിയർ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് ബേസിൽ പറഞ്ഞു. ഇടതു ചെവിയുടെ ഒരു ഭാഗം അറ്റു പോയ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിലാണ് തർക്കമുണ്ടായതെന്നാണ് അനിൽകുമാർ പറയുന്നത്. ഇതേ സമയം അനിൽകുമാറിന്റെ ഭാര്യയും ഓഫീസിൽ ഉണ്ടായിരുന്നു. എന്നാൽ അനിൽകുമാറുമായി സാമ്പത്തിക തർക്കമില്ലെന്നും തന്നെ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നെന്നും ബേസിൽ പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. രണ്ടു പേരുടെയും മൊഴിയെടുത്തതിനു ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.