നെടുങ്കണ്ടം: ഹരിത ഫിനാൻസ് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വാഗമൺ സ്വദേശി രാജ്കുമാർ കസ്റ്റഡിയിൽ മരിച്ചിട്ട് ഇന്ന് ഒരു വർഷം. പൊലീസ്, ക്രൈംബ്രാഞ്ച്, എന്നിവർ അന്വേഷിച്ച കേസ് ഇപ്പോൾ സി.ബി.ഐയുടെ കൈയിലാണ്. ഒപ്പം ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്. എന്നാൽ രാജ്കുമാർ തട്ടിയെടുത്തെന്ന് പറയുന്ന നാട്ടുകാരുടെ പണം എവിടെ പോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തൂക്കുപാലം ഹരിത ഫിനാൻസിലൂടെ രാജ്കുമാർ കോടികൾ സംഭരിച്ചെന്നായിരുന്നു പരാതി. തുടർന്ന് 2019 ജൂണ് 12നാണ് രാജ്കുമാറിനെയും കൂട്ടാളികളെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്തിയില്ല. ഇയാളെ പല സ്ഥലങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തുടർച്ചയായ മർദനത്തിൽ അവശനായ രാജ്കുമാറിനെ 15ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില മോശമാകുന്നത് കണ്ട് കസ്റ്റഡി രേഖപ്പടുത്തി തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. ഇവിടെ വച്ച് ആരോഗ്യ നില ഗുരുതരമായി ജൂൺ 21ന് കുമാർ മരിക്കുകയായിരുന്നുടു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞെങ്കിലും ന്യൂമോണിയ ബാധിച്ചാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയിലേക്ക് വരെ ആരോപണം ഉയർന്ന കേസിൽ അന്നത്തെ എസ്.ഐ കെ.എ. സാബുവടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കേസ് അന്വേഷിക്കുന്ന സി.ബി.ഐ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ച സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.