ഫാമുകളിൽ ഉത്പ്പാദനം കൂടി, കോഴിവില കുറഞ്ഞു
ഒരാഴ്ച്ചകൊണ്ട് എഴുപത് രൂപയുടെ കുറവ്
കട്ടപ്പന: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളിൽ ഉത്പ്പാദനം വർദ്ധിച്ചതോടെ കോഴിയിറച്ചിക്ക് വില കുത്തനെയിടിഞ്ഞു.ഇപ്പോൾ വില 90 രൂപയിലെത്തിയിരുക്കുകയാണ്. ഒരുമാസത്തിലധികം 160 രൂപയിൽ തുടർന്നശേഷമാണ് വില കൂപ്പുകുത്തിയത്. ഒരാഴ്ചയ്ക്കിടെ 70 രൂപ കുറഞ്ഞു. തമിഴ്‌നാട്ടിലെ ഫാമുകളിൽ ഇറക്കിക്കോഴി ഉത്പ്പാദനം വർദ്ധിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകൾ പൂട്ടിയതോടെ ഇവിടേയ്ക്കുള്ള കയറ്റുമതി കുറഞ്ഞു. ഇതോടെയാണ് വിലയും ഇടിഞ്ഞത്. കൂടാതെ കേരളത്തിലെ പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളിലെ വൻകിട ഫാമുകളിലും കോഴി ഉത്പ്പാദനം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്കു ഇറച്ചിക്കോഴി എത്തുന്നത്. ലോക്ക് ഡൗണിൽ ഫാമുകളിൽ ഉത്പ്പാദനം കുറഞ്ഞതോടെയാണ് വില 160ലെത്തിയത്. കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള ഇറക്കുമതിയും കുറഞ്ഞിരുന്നു. പിന്നീട് ഇളവുകൾ നിലവിൽവന്നതോടെയാണ് ഫാമുകളിൽ ഉത്പ്പാദനം വർദ്ധിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കേരളത്തിലേക്കുള്ള ഇറക്കുമതിയും കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ വിലയിടിവ് ഹോട്ടലുടമകൾക്ക് ആശ്വാസകരമാകും.
കർഷകരുടെ പ്രതീക്ഷ
അസ്ഥാനത്തായി
ഇറച്ചിക്കോഴിയ്ക്ക് വില കുതിച്ചുയർന്നപ്പോൾ വില സ്ഥിരത പ്രതീക്ഷിച്ച് കേരളത്തിലെ ഉൾപ്പടെ ഫാമുകളിൽ ഇറച്ചിക്കോഴി വളർത്തൽ കൂടിയിരുന്നു. ഒരു മാസം സ്ഥിരമായി കിലോയ്ക്ക് 160 രൂപ എന്നത് ഏറെ പ്രതീക്ഷയാണ് കർഷകർക്ക് നൽകിയത്. ട്രോളിഗ് നിരോധനംകൂടിയാകുമ്പോൾ ഇറച്ചിക്ക് ഡിമാന്റ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതോടെ വൻതോതിൽ തമിഴ്നാട്ടിൽ ഉത്പ്പാദനം നടത്തി. അതോടൊപ്പം ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ കേരളത്തിലേയ്ക്ക് നിലവിൽ എത്തിക്കുന്നതിന്റെ പലമടങ്ങ് എത്തിച്ചു. ഇവ മുപ്പതിലേറെ ദിവസത്തിന് ശേഷം വിൽപ്പനയ്ക്ക് പാകമായതോടെ വില പിടിവിട്ട് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.