മുട്ടം: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ടൗണിലെ ഓട്ടോ റിക്ഷ തൊഴിലാളികളുമായി പൊലീസ് നടത്തിയ ചർച്ച യിൽ തീരുമാനമായില്ല. ഇതേ തുടർന്ന് പ്രശ്ന പരിഹാരത്തിനായുള്ള രണ്ടാം ഘട്ട ചർച്ച ഇന്ന് മുട്ടം പൊലീസ് സ്റ്റേഷനിൽ നടത്തും. മുട്ടം പഞ്ചായത്ത്‌ സ്റ്റാന്റ്, തിയേറ്റർ ജംഗ്‌ഷൻ എന്നിവിടങ്ങളിലെ ഓട്ടോ റിക്ഷ തൊഴിലാളികളെയാണ് ശനിയാഴ്ച്ച ചർച്ചക്കായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഓട്ടോ റിക്ഷകൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതിനാൽ ടൗണിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാകുന്നതായി വിവിധ സംഘടനകളുടേയും വ്യക്തികളുടേയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഓട്ടോ റിക്ഷകൾ റോഡിൽ നിന്ന് മാറ്റണം എന്നും ചർച്ചയിൽ പൊലീസ് ഓട്ടോ റിക്ഷ തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഓട്ടോ റിക്ഷകൾ റോഡിൽ നിന്ന് മാറ്റാൻ തയ്യാറായില്ലെങ്കിൽ നോട്ടീസ് നൽകി നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം എന്ന് മുട്ടം സി ഐ വി ശിവകുമാർ പറഞ്ഞു. എന്നാൽ പൊലീസിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്ന് ഓട്ടോ റിക്ഷ തൊഴിലകളുടെ വിവിധ സംഘടന നേതാക്കൾ പറഞ്ഞു. ബിജു ടി എം, ബാബു ഇ ജി, സുധീർ എം കെ, വിത്സൺ പി സി എന്നിവരാണ് ഓട്ടോ റിക്ഷ തൊഴിലാളികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.