ആശ പ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല
കട്ടപ്പന: മൂന്നുദിവസത്തിനിടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കട്ടപ്പനയിൽ ആശങ്കയുടെ കാർമേഘം. ആശ പ്രവർത്തകയടക്കം മൂന്നുപേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മൂവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായതോടെ വെള്ളി, ശനി ദിവസങ്ങളിലായി മൂവരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ ഭാര്യയ്ക്കും ഭാര്യമാതാവിനും രോഗം ബാധിച്ചതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും നാട്ടുകാരുമടക്കം ഭീതിയിലാണ്. വെള്ളയാംകുടി സ്വദേശിനിയായ ആശ പ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയാകും. പഴവർഗ കടയിലെ ജീവനക്കാരനായ ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ ഭാര്യയ്ക്കും ഭാര്യമാതാവിനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ഇരുവരുടെയും സ്രവം വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. ഡ്രൈവറുമായി അടുത്തിടപഴകിയവരടക്കം 50ഓളം പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ശനിയാഴ്ച മുതൽ നഗരസഭയിലെ എട്ടാം വാർഡ് പൂർണമായും ഒൻപത്, 17 വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്.
നഗരസഭ അഞ്ചാം വാർഡിലെ വെള്ളയാംകുടിയിലാണ് ആശ പ്രവർത്തക താമസിക്കുന്നത്. രോഗ ലക്ഷണമുള്ള ആരോഗ്യ പ്രവർത്തകർക്കായി നടത്തിയ സ്രവ പരിശോധനയിലാണ് ഇവരുടെ പരിശോധനഫലം പോസിറ്റീവായത്. വ്യാഴാഴ്ച മുതൽ ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ആശപ്രവർത്തകയ്ക്ക് രോഗം ബാധിച്ചതോടെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അഞ്ച് ജീവനക്കാരെ ക്വാറന്റിനിലാക്കി. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവരുടെ സമ്പർക്ക പട്ടികയിൽ നിരവധി പേർ ഉൾപ്പെടുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഇവർ നിരവധി വീടുകൾ സന്ദർശിച്ചിരുന്നതായാണ് വിവരം. മൂവരുടെയും സമ്പർക്കപ്പട്ടിക ഇന്നും നാളെയുമായി തയാറാക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.