കട്ടപ്പന: നഗരസഭ സ്‌റ്റേഡിയത്തിൽ തള്ളിയ ചില്ല് കുപ്പികളടക്കമുള്ള മാലിന്യം നീക്കാൻ നടപടിയില്ല. കഴിഞ്ഞദിവസം മൈതാനത്ത് പരിശീലനത്തിനെത്തിയ മൂന്നുപേർക്ക് കാലിൽ കുപ്പിച്ചില്ല് തറച്ച് പരിക്കേറ്റു. മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച മാലിന്യമാണ് മൈതാനത്ത് എത്തിച്ചത്. വിവിധ വാർഡുകളിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മൈതാനത്തെ സ്‌റ്റേജിലും ചില്ല് കുപ്പികൾ, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ എന്നിവ അടക്കം ചാക്കിൽ നിറച്ചും അല്ലാതെയുമായി സമീപത്തും കൂടിക്കിടക്കുകയാണ്. ഇവിടെ നിന്നു പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കു മാറ്റുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടിയില്ല.
കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ രാവിലെ മൈതാനത്ത് പരിശീലനത്തിന് എത്തുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും സ്‌റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ച് കായിക പരിശീലനത്തിനായി വിട്ടുകൊടുക്കാനായിട്ടില്ല. എന്നാൽ പരിമിത സൗകര്യം പ്രയോജനപ്പെടുത്തി പരിശീലനത്തിനെത്തുന്നവർക്ക്, മൈതാനത്ത് കുപ്പിച്ചില്ലുകൾ കൂടിക്കിടക്കുന്നത് വെല്ലുവിളിയാകുന്നു.