1500 കിലോ റബർ ഷീറ്റും നശിച്ചു
വെള്ളിയാമറ്റം: റബ്ബർ ഷീറ്റിന് തീപിടിച്ച് 1500 കിലോ റബ്ബർ ഷീറ്റും വീടും പൂർണ്ണമായി കത്തി നശിച്ചു. വെള്ളിയാമറ്റം മാറാമറ്റത്തിൽ തോമസിന്റെ വീട്ടിൽ ഞായറാഴ്ച്ച രാത്രിഎട്ടിനാണ് തീപിടുത്തം ഉണ്ടായത്. റബർ ഷീറ്റ് ഉണങ്ങാൻ ഇട്ടിരുന്ന തടി ചിമ്മിനിയിലേക്ക് ഒടിഞ്ഞു വീണാണ് റബർ ഷീറ്റിലേക്ക് തീ പടർന്നത്. തീ ആളിപടരുന്നത് കണ്ട് കുടുംബാഗങ്ങളും അയൽകാരും ചേർന്ന് വെള്ളം കോരി ഒഴിച്ചെങ്കിലും തീ കെടുത്താനായില്ല. മോട്ടർ അടിച്ച് വെള്ളം പമ്പ് ചെയ്തിട്ടും പ്രയോജനം കിട്ടിയില്ല. മൂലമറ്റത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും വീടും ഷീറ്റും പൂർണ്ണമായി കത്തി നശിച്ചിരുന്നു. കത്തി നശിച്ച വീടിന് സമീപം പുതിയ വീട് പണിത് തോമസ് താമസം തുടങ്ങിയിട്ട് രണ്ട് വർഷം ആകുന്നതേയുള്ളു. പഴയ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബക്കാർ ഞായറാഴ്ച്ച ഉച്ചയോടെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. വാടകക്ക് താമസിച്ചിരുന്ന കുടുംബക്കാർ മറിയശേഷം വീട് പൊളിച്ച് വിൽക്കാൻ ഇരുന്നതാണ്. 80 വർഷം മുൻപ് 1200 സ്‌ക്വയർ ഫീറ്റിൽ മച്ചോടു കൂടി പൂർണ്ണമായും തേക്ക് തടികൊണ്ടായിരുന്നു വീട് നിർമ്മിച്ചത്.