തൊടുപുഴ: ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളിൽ നിന്ന് മണലും ചെളിയും നീക്കുന്ന പദ്ധതി മലങ്കരയിലും നടപ്പിലാക്കാൻ സർക്കാർ തലത്തിൽ അനുമതി. പതിറ്റാണ്ടുകളായി അടിഞ്ഞു കൂടി കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്ത് അണക്കെട്ടുകളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയിൽ അണക്കെട്ട് നിർമ്മിച്ച് കനാൽ മാർഗം കൂത്താട്ടുകുളം, പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക, അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതി സന്ധി പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു മലങ്കരയിൽ അണക്കെട്ട് നിർമ്മിച്ചത്.
1974 കാലഘട്ടത്തിലാണ് മലങ്കര അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് 46വർഷങ്ങൾ പൂർത്തീകരികരിച്ചിട്ടും ഇപ്പോഴും നിർമ്മാണം ഇഴയുന്ന അവസ്ഥയാണ്. എങ്കിലും 1994 നവംബർ 1 ന് മലങ്കര പദ്ധതി ഭാഗികമായി കമ്മീഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കമ്മീഷൻ ചെയ്തിട്ട് 25 വർഷം ആകാറായെങ്കിലും അണക്കെട്ടിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ സാധിച്ചില്ല. ഇതേ തുടർന്ന് പതിറ്റാണ്ടുകളായി ഓരോ വർഷം കഴിയുന്തോറും അണക്കെട്ടിന്റെ സംഭരണ ശേഷി കുറഞ്ഞു വരുകയുമാണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടിൽ അടിഞ്ഞു കൂടിയ പാഴ് വസ്തുക്കൾ പൂർണ്ണമായും നീക്കം ചെയ്യാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത്.
നൂറിലേറെ കുടിവെള്ള പദ്ധതി
42 മീറ്ററാണ് മലങ്കര അണക്കെട്ടിലെ നിലവിലുള്ള പരമാവധി ജലസംഭരണ ശേഷി. അനാവശ്യമായി മണ്ണും ചെളിയും നിറഞ്ഞ് ഓരോ വർഷവും സംഭരണ ശേഷിയിൽ കുറവ് വരുന്നതായിട്ടാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം. 12 ൽപരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉൾപ്പെടെ ചെറുതും വലുതുമായ 100 ൽപരം കുടിവെള്ള പദ്ധതികളാണ് അണക്കെട്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നതും. കൂടാതെ മുട്ടത്തുള്ള ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതിയും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. അണക്കെട്ടിലെ സംഭരണ ശേഷിക്ക് കുറവ് സംഭവിച്ചാൽ ഇതിനോടനുബന്ധിച്ചുള്ള കുടി വെള്ള പദ്ധതിയും സ്തംഭിക്കും. എന്നാൽ അണക്കെട്ടിലെ ചെളിയും മണ്ണും നീക്കാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത് ജനം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതും.
ജില്ലയിൽ മലങ്കര മാത്രം:-
ചെറുതും വലുതുമായ നിരവധി അണക്കെട്ടുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മലങ്കരയെ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.