തൊടുപുഴ: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി തൊടുപുഴയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരസഭാ കൃഷി ഭവനിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ജില്ലാതല ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. കർഷകർക്ക് തെങ്ങിൻ തൈകൾ നൽകി നിർവ്വഹിച്ചു.പരിപാടിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ തൈകൾ പാതി വിലക്കും കുരുമുളക്, ഫലവൃക്ഷത്തൈകൾ, പച്ചക്കറി തൈകൾ എന്നിവ സൗജന്യമായും വിതരണവും ചെയ്തു.
നഗരസഭാ ചെയർപേഴ്‌സൺ സിസിലി ജോസ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ തുടങ്ങിയവർ സംസാരിച്ചു. . ആത്മ പ്രൊജക്ട് ഡയറക്ടർ മാഗി മെറീന പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സുലോചന.വി.റ്റി. സ്വാഗതവും നോഡൽ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ജില്ലാ തലത്തിലുള്ള അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർമാർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ, അഗ്രോ സർവ്വീസ് സെന്റർ അംഗങ്ങൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.