16 പേരോളം സമ്പർക്കപട്ടികയിൽ
തൊടുപുഴ: 21ന് തൊടുപുഴയിൽ കൊവിഡ് -19 സ്ഥിരീകരിച്ച ബസ് ഡ്രൈവർ നിരീക്ഷണം ലംഘിച്ച് ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് കറങ്ങി നടന്നു. ഇയാൾ പതിനാറോളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇയാൾ ഒരു മരണവീട്ടിലും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും സ്വകാര്യ ബസ് സ്റ്റാൻഡിലും സന്ദർശനം നടത്തി. വെങ്ങല്ലൂർ പള്ളിപീടികയിൽ താമസിക്കുന്ന ഇയാളും ഡ്രൈവറായ സുഹൃത്തും അന്യസംസ്ഥാന തൊഴിലാളികളെ പശ്ചിമ ബംഗാളിലെത്തിച്ച് തിരിച്ച് വാളയാർ വഴി ഏഴിനാണ് തൊടുപുഴയിൽ എത്തിയത്. തുടർന്ന് രണ്ട് പേരും രോഗബാധിതന്റെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഭാര്യയും കുട്ടിയും കാഞ്ഞിരമറ്റത്തെ ഭാര്യ വീട്ടിലേക്ക് പോയി. എന്നാൽ ഇതിനിടെ കുടുംബം ഇയാളെ സന്ദർശിച്ചതായി വിവരമുണ്ട്. ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് 18ന് ഇയാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തി. സുഹൃത്തായ കുമാരമംഗലം സ്വദേശി ചികിത്സയിലിരിക്കെ മരിച്ച വിവരമറിഞ്ഞാണ് ഇയാൾ ആശുപത്രിയിലെത്തിയത്. 19ന് തൊടുപുഴ ജില്ലാ
ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നൽകിയ ശേഷം ഇയാൾ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തി സുഹൃത്തുക്കളായ മറ്റ് ഡ്രൈവർമാരെ കണ്ടു. ഇവരോട് നിരീക്ഷണകാലാവധി കഴിഞ്ഞെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ഇതിനിടെ തൊടുപുഴ നഗരത്തിനടുത്ത് ചാത്തൻമലയിലെ ഒരു സംസ്കാരചടങ്ങിലും ഇയാൾ പങ്കെടുത്തു. 21ന് പരിശോധനാ ഫലം പുറത്തുവന്നപ്പോൾ ഇയാളുടേത് പൊസിറ്റീവും സുഹൃത്തിന്റേത് നെഗറ്റീവുമായി. പശ്ചിമബംഗാളിൽ വച്ച് ഒരു അപകടം ഉണ്ടായി തലയ്ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അവിടത്തെ ഒരു ആശുപത്രിയിലെത്തി മുറിവേറ്റ തലയിൽ സ്റ്റിച്ചിട്ടിരുന്നു. എന്നാൽ ഇക്കാര്യ ഇയാൾ ഇവിടത്തെ ആരോഗ്യപ്രവർത്തകരോട് മറച്ചുവച്ചു. മറ്റെവിടെയെങ്കിലും പോയിട്ടുണ്ടോയെന്നറിയാൻ കൊവിഡ് നോഡൽ ഓഫീസറായ ഡോ. ജോസ്മോന്റെ നേതൃത്വത്തിൽ തൊ പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് . ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക സഹിതം ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകും.
നാട്ടിൽ പാട്ടായത് ഇന്നലെ
ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച വിവരം ഇന്നലെ പത്രങ്ങളിൽ വന്നതോടെയാണ് ഇയാൾ നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്ന വിവരം നാട്ടിൽ പാട്ടായത്. തുടർന്ന് ആരോഗ്യപ്രവർത്തകർ വിവരം ഡി.എം.ഒയെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ ആരോഗ്യപ്രവർത്തകർക്ക് വീഴ്ചയുണ്ടായതായി ആക്ഷേപമുയരുന്നുണ്ട്.
' നിരീക്ഷണം ലംഘിക്കുന്നതായി പലയിടത്ത് നിന്നും പരാതി വരുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് "
-എച്ച്. ദിനേശൻ (ജില്ലാ കളക്ടർ)
' സ്രവപരിശോധനയ്ക്ക് ശേഷം ഡ്രൈവർ പുറത്തുപോയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകരെത്തുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. തഹസിൽദാരുടെയും പൊലീസിന്റെയും സഹായത്തോടെ ആരോഗ്യപ്രവർത്തകർ സംഭവം അന്വേഷിക്കുന്നുണ്ട്. "
- ഡോ. എൻ. പ്രിയ (ഡി.എം.ഒ)