തൊടുപുഴ: പുറ്റടി സ്‌പൈസസ് പാർക്കിൽ ഇ-നാം ( ഇലക്ട്രോണിക് അഗ്രിക്കൾച്ചർ മാർക്കറ്റ്) സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തു നൽകി. സ്‌പൈസസ് ബോർഡ് ശുപാർശ ചെയ്തിട്ടുള്ളതും കേന്ദ്ര വാണിജ്യ മന്ത്രാലയം മെയ് അവസാനവാരം അംഗീകരിച്ച് അന്തിമ അനുമതിക്കായി കേന്ദ്രകൃഷി മന്ത്രാലയത്തിലേക്ക് അയച്ചിട്ടുള്ളതുമായ പുറ്റടി സ്‌പൈസസ് പാർക്കിൽ മാർക്കറ്റിംഗ് സെന്റർ തുടങ്ങന്നതിനായുള്ള പ്രൊപ്പോസലിന് അന്തിമഅനുമതി ഉടൻ നൽകണം.നിലവിലുള്ള നിയമത്തിലെ പരിധിയിൽ നിന്നുകൊണ്ട് എന്നാൽ എല്ലാ ചെറുകിട കർഷകർക്കും ഇ-നാം വഴി വിൽപ്പന നടത്തുന്നതിന് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏലത്തിന്റെ ലേലം പലതവണ നിർത്തിവയ്ക്കുകയും പുനരാരംഭിച്ചപ്പോൾ കനത്ത വിലയിടിവിൽ ഉണ്ടാവുകയും ഏലം കർഷകരുടെ മുന്നോട്ടുള്ള ജീവിതം കടുത്ത പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്. പ്രകൃതിക്ഷോഭവും വിളനാശവും മൂലം നട്ടം തിരിയുന്ന കർഷകർക്ക് വിലയിടിവ് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു ഇ-നാമിലൂടെ ഏലത്തിന് പ്രാഥമിക വിൽപന നടത്താൻ കഴിഞ്ഞാൽ രാജ്യത്തെവിടെയും കർഷകർക്ക് മെച്ചപ്പെട്ട വില നേടി തങ്ങളുടെ ഉത്പ്പന്നം വിറ്റഴിക്കാൻ കഴിയും. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം പി കേന്ദ്രകൃഷിമന്ത്രിക്ക് അയച്ച കത്തിൽ എം. പി ആവശ്യപ്പെട്ടു.