ചെറുതോണി: തെരുവുനായക്കൾ ഓടിച്ചുകൊണ്ടുവന്ന മ്ലാവിനെ വനപാലകർ രക്ഷിച്ചു. ഇന്നലെ രാവിലെ 10ന് ചെറുതോണിയിലുള്ള ഷാപ്പിന് പുറകുവശത്തുകൂടിയൊഴുകുന്ന പുഴയിലൂടെയാണ് നായ്ക്കൾ മ്ലാവിനെ ഓടിച്ചുകൊണ്ടുവന്നത്. ഈ സ്ഥലത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന യുവാക്കൾ മ്ലാവിനെ രക്ഷിക്കുകയായിരുന്നു. ക്ഷീണിച്ച മ്ലാവ് പുഴയിൽ തന്നെയുള്ള പൊന്തക്കാട്ടിൽ അവശനിലയിൽ കിടന്നതിനെ തുടർന്ന് യുവാക്കൾ വനപാലകരെ അറിയിച്ചു. വിവിരമറിഞ്ഞെത്തിയ വനപാലകർ മ്ലാവിനടുത്തെത്തിയപ്പോൾ മ്ലാവ് വീണ്ടുമോടി ചെറുതോണി ടൗണിലുള്ള പുഴയിലും കരയിലുമായി പലതവണയോടി. പിന്നീട് മ്ലാവിന് വനപാലകർ രഷാകവചമൊരുക്കി വൈശാലി മലയിലേയ്ക്ക് കയറ്റിവിടുകയായിരുന്നു. അഞ്ച് വയസുതോന്നിക്കുന്ന പെൺട മ്ലാവാണിതെന്ന് വനപാലകർ പറഞ്ഞു. പരുക്കില്ലാത്തതിനാലാണ് ഇതിനെ രക്ഷിച്ച് വനത്തിലേയ്ക്ക് വിട്ടതെന്നും വനപാലകർ പറഞ്ഞു. അടുത്ത നാളുകളിലായി അഞ്ചോളം മ്ലാവുകൾ ചെറുതോണി പുഴയിലും പരിസരത്തും എത്തിയിരുന്നു. ഇവയെല്ലാം തെരുവുനായ്ക്കൾ ഓടിച്ചിരുന്നെങ്കിലും നാട്ടുകാർ എല്ലാ മ്ലാവുകളെയും രക്ഷപെടുത്തി. ഫോറസ്റ്റർ ഫ്രാൻസിസ് യോഹന്നാന്റെ നേതൃത്വത്തിൽ ഗാർഡുമാരായ ജി.കെ അനീഷ്, ടി.കെ സജി, വി.കെ ക്ലമന്റ, ടി അനീഷ് എന്നിവരാണ് മ്ലാവിനെ രക്ഷപെടുത്തിയത്.
..